കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ ഓപ്പറേഷന് പിന്നാലെ വീട്ടമ്മ മരിച്ചത് ചികിൽസാ പിഴവെന്നാരോപണം. ചീമേനി ചെമ്പ്രകാനത്തെ കുമാരന്റെ ഭാര്യ മാധവി( 71) യാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു മാധവി. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയിരുന്നു. ഉച്ചയായിട്ടും പുറത്തിറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു ബന്ധുക്കൾ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നും വാർഡിലേക്ക് മാറ്റി. പിന്നാലെ മാധവി മരണപ്പെട്ടെന്നു ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ ചികിത്സാ പിഴവുമൂലമാണ് മാധവി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മാധവിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും മരണവിവരം മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ജില്ലാശുപത്രിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ ഉപരോധ സമരം നടത്തി. വിവരം അറിഞ്ഞ് നഗരസഭാ ചെയർമാൻ വി വി രമേശനും സ്ഥലത്തെത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ചർച്ച നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകിയതോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്. അതേസമയം ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ പറഞ്ഞു. ഇത് സംബന്ധിച്ച് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയതായും മാധവിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പരിയാരം മെഡിക്കൽ കോളേജിൽ നടക്കുമെന്നും അവർ അറിയിച്ചു.







