കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഈമാസം 25 ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതി നിര്‍ദേശിച്ചു. എന്നാല്‍, കെട്ടിച്ചമച്ച കേസാണെന്ന് വാദിച്ച് സുരേന്ദ്രന്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് 25 നു പരിഗണിക്കും. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.