കേസിൽ സാക്ഷിയായതിന് നോട്ടീസ് നൽകാൻ എത്തിയ പൊലീസിനെ ആക്രമിച്ചു; ഒടുവിൽ കേസിൽ പ്രതിയായി ജയിലിൽ ;യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി

കാസർകോട്: തീവെപ്പ് കേസിൽ നോട്ടീസ്‌ നല്‍കാന്‍ എത്തിയ പൊലീസ്‌ സംഘത്തിനുനേരെ അക്രമം നടത്തിയ മത്സ്യതൊഴിലാളിയെ ഓടിച്ചിട്ട്‌ പിടികൂടി. ബേക്കല്‍  രാമഗുരു നഗറിലെ ഉണ്ണി (31)യെ ആണ്‌ പിടികൂടിയത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി റിമാന്റു ചെയ്‌തു. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം.
തച്ചങ്ങാട്ടെ അര്‍ബന്‍ ബാങ്കു ജീവനക്കാരന്‍ സുജിത്തിന്റെ പുതിയ വീടിനു തീയിട്ട കേസിലെ സാക്ഷിയാണ്‌ ഉണ്ണി. ഇയാള്‍ ഇപ്പോള്‍ സുജിത്തിന്റെ വീട്ടിനടുത്താണ്‌ താമസം.സാക്ഷിയായ ഉണ്ണിക്കു നോട്ടീസ്‌ നല്‍കുന്നതിനു വേണ്ടി പൊലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ ഇന്‍സ്‌പെക്‌ടര്‍ വിപിനും പൊലീസുകാരായ സുധീര്‍ ബാബു, സുനില്‍, അബ്‌ദുല്‍ വഹാബ്‌ എന്നിവര്‍ വീട്ടിലെത്തിയത്‌.നോട്ടീസ്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്‌തു. ബഹളം കേട്ട്‌ സ്‌ത്രീകളടക്കമുള്ളവര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിടയില്‍ ഉണ്ണി പൊലീസുകാരെ കൈക്കു കടിച്ചും പിടിച്ചു തിരിച്ചും മുഖത്തടിച്ചും ഓടി രക്ഷപ്പെട്ടു. ഇതോടെ പിന്തുടര്‍ന്നാണ്‌ ഉണ്ണിയെ പിടികൂടിയത്‌. കേസിൽ കേവലം  സാക്ഷി മാത്രമായിരുന്ന ഉണ്ണി ഇപ്പോൾ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ടാണ് ജയിലിൽ പോകേണ്ടി വന്നിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page