കാസർകോട് : പ്രസംഗത്തിന്റെ പേരിൽ കേസെടുത്തതുകൊണ്ട് ബിജെപിയുടെ വായ മൂടിക്കെട്ടാനാവില്ലെന്നു ബി ജെ. പി. മേഖലാ പ്രസിഡൻ്റ് കെ. ശ്രീകാന്ത് പറഞ്ഞു. കേസിനെ ഭയപ്പെടുന്നില്ല. ഇനിയും പ്രസംഗിക്കും. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളും ഇരട്ടത്താപ്പുകളും ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും -വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കെതിരെ പ്രസംഗിച്ചെന്ന കോൺഗ്രസ് എം.എൽ.എ ടി.ഒ. മോഹനൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.താൻ നടത്തിയ പ്രസംഗത്തിൽ പ്രകോപനപരമായ പരാമർശങ്ങളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ ഉണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സമീപനം വിശദീകരിക്കുന്നതിനായി ഒരു താരതമ്യം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായും അതിനെ വളച്ചൊടിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ശ്രീകാന്ത് തുടർന്നു പറഞ്ഞു.കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റു ബിജെപി നേതാക്കൾക്കുമെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുമ്പോൾ പോലീസ് സമാനമായ നടപടി സ്വീകരിക്കുന്നില്ലെന്നും ബിജെപി നേതാക്കൾക്കെതിരെ പരാതികളുടെ അടിസ്ഥാനത്തിൽ തിടുക്കത്തിൽ കേസെടുക്കുന്നത് ഇരട്ടത്താപ്പാണെന്നും ശ്രീകാന്ത് ആരോപിച്ചു.രാഷ്ട്രീയ വിമർശനത്തിനും വിയോജിപ്പിനുമുള്ള ജനാധിപത്യ അവകാശം എല്ലാവർക്കും ഒരുപോലെ ഉറപ്പാക്കണം. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതെ പോലീസ് നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







