ചെറുവത്തൂർ: കാസർകോട് വരെ നീട്ടുമെന്ന് പറയുന്ന ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനും കോവിഡ് കാലത്ത് നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിനും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗളുരു- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കണം. ഈ ആവശ്യവുമായി നിരവധി തവണ നിവേദനം നൽകിയിട്ടും റെയിൽവേ അധികൃതർ ഇതുവരെ നടപടി കൈകൊണ്ടില്ല. കണ്ണൂരിൽ ഓട്ടം അവസാനിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ കാസർകോട് വരെ നീട്ടാനുള്ള തീരുമാനം ഉണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്. ജില്ലയിലെ യാത്രക്കാരുടെ ദുരിതത്തിന് ചെറുതായി അറുതി വരുത്താൻ അതുകൊണ്ട് സാധിക്കും. കാസർകോട് ജില്ലയിലെ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനാണ് ചെറുവത്തൂർ. ടിക്കറ്റ് വരുമാനത്തിലും സ്റ്റേഷൻ ബഹുദൂരം മുന്നിലാണ്. വിവിധ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന ചെറുവത്തൂരിൽ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അയച്ച കത്തിൽ ടി. നാരായണൻ ആവശ്യപ്പെട്ടു.







