അബ്ദുൾ റഷീദ് കൊലപാതകം; പ്രതിയെ കോടതിയിൽ ഹാജരാക്കി; ഹബീബ് രണ്ട് വധശ്രമക്കേസുകളിൽ പ്രതിയെന്ന് പൊലീസ്

കാസർകോട്:   കുമ്പളയിലെ  അബ്ദുല്‍ റഷീദിനെ തലയ്ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഹബീബിനെ കോടതിയിൽ ഹജരാക്കി.ഇയാൾക്കെതിരെ രണ്ട് വധ ശ്രമക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഇതിലൊന്ന്. ഹബീബിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. വിശദമായി ചോദ്യം ചെയ്യാനാണ് അപേക്ഷ സമർപ്പിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നാണോ കൊലയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ പെര്‍വാഡ് താമസിച്ചിരുന്ന അഭിലാഷ് എന്ന ഹബീബ്(32) ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ഞായറാഴ്ച ഉച്ചമുതല്‍ ബൈക്കില്‍ ഇരുവരും കറങ്ങി നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇരുവരും സ്ഥിരമായി രാത്രി കുണ്ടങ്കേരടുക്കയില്‍ വന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹബീബിനെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണെന്നു ഉറപ്പാക്കിയ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് ഹബീബിനെ പിടികൂടിയത്. കാസര്‍കോട്ടെ ഷാനു എന്ന ഷാനവാസ് കൊലക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ റഷീദ്. ഷാനവാസിന്റെ സുഹൃത്താണ് പിടിയിലായ ഹബീബ്. ഞായറാഴ്ച രാത്രി മദ്യ ലഹരിയിലുണ്ടായ തര്‍ക്കം മാത്രമാണോ കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന കാര്യത്തില്‍ സംശയമുണ്ട്. ആ കൊലപാതകത്തിനുള്ള പ്രതികാരമാണോ റഷീദിന്റേതെന്ന കാര്യത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഹബീബ് ഏതാനും ആഴ്ച്ചകളായി കുമ്പള, മാവിനക്കട്ടയിലെ സമൂസ റഷീദിന്റെ റൂമിലായിരുന്നു താമസം. ഷാനു കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം റഷീദ് തേപ്പു ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് ഹബീബുമായി വീണ്ടും ചങ്ങാത്തം സ്ഥാപിച്ച് ഒന്നിച്ചു താമസിച്ചുവന്നത്. കൊല്ലപ്പെടുന്നതിന് തലേ രാത്രിയും ഇരുവരും സ്ഥലത്തെത്തുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഇരുവരും വാക്കു തര്‍ക്കം ഉണ്ടാവുകയും റഷീദിനെ തള്ളിയിടുകയും ചെയ്തുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് ശാന്തിപ്പള്ളത്തെ അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദ് (38) ക്രൂരമായി കൊല ചെയ്യപ്പെട്ടത്. തലയ്ക്ക് കരിങ്കല്ല് ഇട്ട് കൊലപ്പെടുത്തിയ നിലയില്‍ തിങ്കളാഴ്ച രാവിലയാണ് കുണ്ടങ്കേരടുക്ക ഐ എച്ച് ആര്‍ ഡി കോളേജിനു സമീപത്തെ മൈതാനത്തിനു അടുത്തുള്ള കുറ്റിക്കാട്ടില്‍ റഷീദിന്റെ മൃതദേഹം കണ്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page