കാസര്‍കോട്: വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളില്‍ കായിക ബോധവും വളര്‍ത്തി സമൂഹത്തിന് മാതൃകയാകുന്ന യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് എം.എല്‍.എ കല്ലട്ര മാഹിന്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുകയും കായികബോധം ഉണര്‍ത്തി പുതുപ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഇന്‍ഡിപെന്‍ഡന്‍സ് ട്രോഫി 2026 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
ജില്ലാ പൊലീസ് ചീഫ് നിധിന്‍ രാജ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍.പി. പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷഫീഖ് പി.ബി, ജസ്ന മനാഫ്, ഗോകുലം എഫ്.സി ജൂനിയര്‍ ഗോള്‍കീപ്പര്‍ മിര്‍സാന്‍, ജൂനിയര്‍ കേരള ഫുട്‌ബോള്‍ താരം ഷഹബാസ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി.
പ്രമുഖ നീന്തല്‍ താരവും സബ് ഇന്‍സ്‌പെക്ടറുമായ എം.ടി.പി. സൈഫുദ്ദീന്‍, ദുബായില്‍ നടന്ന ജപ്പാന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൈവരിച്ച അയാല്‍ മജീദ് നെഹ്ല്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു ഗോളിടുക്കം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, പൃഥ്വിരാജ് ഷെട്ടി, അഡ്വ നാസിഫ ജലീല്‍, അസ്മിന ഹബീബ്, മഹേഷ്, ലീല, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശുകൂര്‍, ഹാരിസ് തയാല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാരന്‍ കുതിരപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ സുഗുണ കുമാര്‍ നന്ദി പറഞ്ഞു.







