കാസര്‍കോട്: വിവാദപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന് പള്ളത്തടുക്ക എയുപിഎസ് അധ്യാപകന്‍ ഗുരുപ്രസാദിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സ്‌കൂള്‍ മാനേജറോട് നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും അതനുസരിച്ച് നടപടിയെടുക്കാനും മാനേജറോട് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലയിലെ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തിയ ഫ്രീഡം ക്വിസ് പരിപാടിയാണ് നടപടിക്ക് ഇടയാക്കിയത്. ഈ ഉപജില്ലകളില്‍ സ്‌കൂള്‍ തലത്തിലും എല്‍.പി, യുപി, എച്ച്.എസ് തലങ്ങളിലുമാണ് ഫ്രീഡം ക്വിസ് നടത്തിയിരുന്നത്. ക്വിസില്‍ 15 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചാമത്തെ ചോദ്യം ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു. ഇതിന്റെ ഉത്തരം വിഡി സവര്‍ക്കര്‍ എന്നതായിരുന്നു. ഈ ചോദ്യമാണ് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയതെന്ന് ഉത്തരവില്‍ എടുത്തുകാട്ടിയിട്ടുണ്ട്. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഗുരുപ്രസാദിന്റെ നേതൃത്വത്തില്‍ ഏതാനും അധ്യാപകരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവില്‍ പറയുന്നു.








