കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഗ്നദൃശ്യങ്ങളുടെ കൂടെ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പതിനാലുകാരൻ പിടിയിൽ.സമൂഹ മാധ്യമങ്ങളിൽനിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് അത് മോർഫ് ചെയ്ത് നിർമിച്ചെടുത്ത വ്യാജ ഫോട്ടോകൾ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയ വഴി അയച്ച് കൊടുത്തു ഭീഷണിപ്പെടുത്തുകയാണ് പതിനാലുകാരൻ ചെയ്തത്.നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥിയെ വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും വലയിലാക്കിയത്. പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് അത് മോർഫ് ചെയ്ത് ദുരുപയോഗം ചെയ്ത കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.