കാസര്‍കോട്: റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും വച്ച് ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം. കാസര്‍കോട് ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കാസര്‍കോടുനിന്നും പുറപ്പെട്ട കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ക്ലോസറ്റും കല്ലും മറ്റും ആദ്യം കണ്ടത്. ട്രെയിന്‍ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫും റെയില്‍ പൊലീസും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുരങ്കത്തിന് സമീപം ട്രാക്കില്‍ പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും കണ്ടെത്തി. ക്ലോസറ്റിന്റെ ഒരു ഭാഗം സമീപത്തെ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. അട്ടിമറി നീക്കമാണെന്ന സംശയത്തില്‍ സമീപത്തെ സിസിടിവി ക്യാമറ പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ കല്ലേറ് പതിവാകുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അട്ടിമറി നീക്കവും ഉണ്ടായിരിക്കുന്നത്. റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസും അന്വേഷണം നടത്തുന്നുണ്ട്