പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ ജലാശയത്തില്‍

പാലക്കാട്: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), സുഹൃത്ത് പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. സെബിന്‍ സജി ഡിഗ്രി വിദ്യാര്‍ത്ഥിയും, അനില പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്. കാല്‍ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയത് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ത്ഥികളുടെ ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page