കാസര്‍കോട്: വിസത്തട്ടിപ്പിനിരയായവര്‍ കേസില്‍ പ്രതിയായ കോടോത്തെ കോച്ചേരില്‍ സാജന്‍ ഫിലിപ്പിന്റെ വീടിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. പ്രതികളായ സാജന്‍ ഫിലിപ്, ഭാര്യ ഷൈബി എന്നിവര്‍ ഒളിവിലാണ്. തട്ടിപ്പിനിരയായ ഷാനി വയനാട്, പ്രിനീഷ് കോഴിക്കോട്, അബി ഏബ്രഹാം എറണാകുളം, ആഷിഖ് നീലേശ്വരം, സുരേശന്‍ കാസര്‍കോട് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പേരാണ് സാജന്‍ ഫിലിപ്പിനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം നടത്തിയത്. രാജപുരത്ത് ആവേ മരിയ ജോബ് കണ്‍സല്‍റ്റന്‍സി സ്ഥാപനം നടത്തിയിരുന്ന സാജന്‍ ഫിലിപ് ജര്‍മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വീസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 500 പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിപ്പുനടത്തിയതായി സമരക്കാര്‍ ആരോപിക്കുന്നു. വിസക്കായി 3 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. ചിലര്‍ക്ക് വ്യാജ വിസയുടെ കോപ്പി നല്‍കി വഞ്ചിച്ചതായും പറയുന്നു. 2024, 2025 വര്‍ഷങ്ങളിലാണ് ഇവര്‍ തട്ടിപ്പിനിരയായത്. ദമ്പതികള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോഴിക്കോട്, വയനാട്, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസര്‍കോട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച സമരത്തിനെത്തിയത്.







