പത്തനംതിട്ട: ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പായി സംസ്ഥാനത്ത് വീണ്ടും മറ്റൊരു അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ട പെരുനാട്ടിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അടുത്തബന്ധുവായ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടേ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് വേദനകൊണ്ട് പുളഞ്ഞ കരഞ്ഞുകൊണ്ട് ഓടിപ്പോയി. മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. പരാതി ലഭിച്ച ഉടന്‍തന്നെ പോലീസ് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ മൊഴിയുടെയും വൈദ്യ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിക്കെതിരായ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ പോലീസ് പോക്‌സോ കേസടക്കം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെരുനാട് എസ്.ഐ വിജയന്‍ തമ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.