കാസർകോട് : ദേശീയപാത -66 നിർമ്മാണത്തിലെ മെല്ലെപ്പോക്കിനും അശാസ്ത്രീയ പ്രവൃത്തികൾക്കുമെതിരെ മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നു ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചു.
ദേശീയപാത-66 ലെ രണ്ടാം റീച്ചായ ചെങ്കള–നീലേശ്വരം പാതയുടെ തുടക്കമായ കനിയടുക്കം മുതൽ ചെങ്കള ഗ്രാമപഞ്ചായത്തിന്റെ പരിധി അവസാനിക്കുന്ന തെക്കിൽ പാലം തുടങ്ങുന്ന ബേവിഞ്ച വരെയുള്ള റോഡിന്റെ ഇരുഭാഗവും ഭാഗവും തീർത്തും അപകട ഭീഷണിയുള്ളതും സഞ്ചാരയോഗ്യമല്ലാത്ത തരത്തിലുമാ യിരിക്കുകയാണെന്നു നിവേദനത്തിൽ പറഞ്ഞു. പഞ്ചായത്തിലെ 13, 14, 15, 16, 17, 18 വാർഡുകൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ദിവസവും റോഡ് ഉപയോഗിക്കുന്നവർക്കും കടുത്ത പ്രതിസന്ധി തുടരുകയാണെന്നുനിവേദനത്തിൽ പറഞ്ഞു.
നാല് വർഷമായി ചെർക്കള ടൗൺ, കുണ്ടടുക്കം, വി.കെ. പാറ, ന്യൂ ബേവിഞ്ച, സ്റ്റാർ നഗർ, ബേവിഞ്ച എന്നീ പ്രദേശങ്ങളിലെ ജനജീവിതം കടുത്ത ദുരിതത്തിലാണ്.
വേനൽക്കാലത്ത് രൂക്ഷമായ പൊടിപടലങ്ങളും മഴക്കാലത്ത് ചെളിവെള്ളവും കാരണം പ്രദേശത്തെ ദൈനംദിന ജീവിതം ദുസ്സഹമായിരിക്കുന്നു. വിദ്യാർത്ഥികൾ, വയോജനങ്ങൾ, വിവിധ സർക്കാർ-സർക്കാരിതര ആവശ്യങ്ങൾക്കായി ചെർക്കള ടൗണിലെത്തുന്ന കാൽനടയാത്രക്കാർ, വാഹനയാത്രക്കാർ തുടങ്ങി പതിനായിരക്കണക്കിന് ആളുകളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നു.
കാൽനടയാത്രക്കാർക്കുള്ള ഫൂട്ട്പാത്ത്, സർവീസ് റോഡ്, കൃത്യമായ ഡ്രെയിനേജ് സംവിധാനം, ഫ്ലൈ ഓവർ എന്നിവ അടിയന്തരമായി പൂർത്തിയാക്കണമെന്നും നിർമ്മാണത്തിലെ അനാസ്ഥ മൂലം കഷ്ടനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളും നേരിട്ട വ്യാപാരികൾക്കും വാഹന ഉടമകൾക്കും കൃഷിക്കാർക്കും നാശം നേരിട്ട മുഴുവനാളുകൾക്കും നഷ്ടപരിഹാരം നൽകണമെന്നും നിവേദനം ആവശ്യപ്പെട്ടു.
ഭാരവാഹികളായ ജലീൽ എരുതുംകടവ്, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, എ അബൂബക്കർ ബേവിഞ്ച, ഖാദർ പാലോത്ത്, ബി.എം.എ. ഖാദർ,ഒ പി ഹനീഫ്, അലി സി.എച്ച്, ഹാരിസ് എം.എസ്. സി എച്ച് മുഹമ്മദ് ചായിന്റടി, എം എ എച്ച് മഹമൂദ്, ഖാസി അബ്ദുൽ റഹിമാൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.







