കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്നതോടെ അമിതവേഗതയിലോടിയ കാര്‍ നിയന്ത്രണം വിട്ടു കടവരാന്തയിലേയ്ക്ക് ഇടിച്ചു കയറി. കാറിനകത്തുണ്ടായിരുന്ന മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള, ബപ്പായ്‌ത്തൊട്ടിയിലെ മുഹമ്മദ് ഫയാസ് (35), അമീര്‍ എന്ന അമ്മി (32), അടുക്കയിലെ ഫാറൂഖ് (31)എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീം പിടികൂടിയത്. കാറില്‍ നടത്തിയ പരിശോധനയില്‍ എട്ടുഗ്രാം എം.ഡി.എം.എയും ഏഴു ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്ന് (ബുധന്‍) രാവിലെയാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നു ഉപ്പള ഭാഗത്തേയ്ക്ക് വന്‍ തോതില്‍ മയക്കുമരുന്നു കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം കാറിനെ പിന്തുടര്‍ന്നത്. പൊലീസിനെ കണ്ടതോടെ അമിതവേഗതയിലോടിയ കാര്‍ ഉപ്പള കൈക്കമ്പയിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി കടവരാന്തയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തൊട്ടു പിന്നാലെ തന്നെ കുതിച്ചെത്തിയ പൊലീസ് സംഘം കാറും അതിനകത്തുണ്ടായിരുന്നവരെയും പിടികൂടുകയായിരുന്നു.







