കാസര്‍കോട്: ചെറുവത്തൂരില്‍ ബാറിനകത്തുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തിമിരി, ചെമ്പ്രകാനത്തെ സിപി. മന്‍സൂര്‍ അലി (50) ആണ് ഇന്ന് (ബുധന്‍) ഉച്ചയോടെ മരണപ്പെട്ടത്.
ഇതോടെ ചന്തേര പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത നരഹത്യാശ്രമ കേസ് കൊലപാതക കേസായി മാറുമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് മന്‍സൂര്‍ അലി ബാറിനകത്ത് അക്രമത്തിന് ഇരയായത്. മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ബാറിനു സമീപത്ത് അബോധാവസ്ഥയിലാണ് മന്‍സൂര്‍ അലിയെ കാണപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ചെറുവത്തൂരിലെ സുല്‍ഫിക്കര്‍, സുഹൈല്‍, അക്ഷയ്, രതീഷ് എന്നിവര്‍ക്കെതിരെ നരഹത്യാ ശ്രമത്തിനു കേസെടുത്തിരുന്നു. ഇവരില്‍ സുല്‍ഫിക്കര്‍, രതീഷ് എന്നിവരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നതിനിടയിലാണ് മൻസൂർ അലി മരണപ്പെട്ടത്.







