ഖണ്ഡം അഞ്ച്
മന്ത്രം: അന്നമശിതം ത്രേധാവിധീയതേ, യസ്യയ:
സ്ഥവിഷ്ഠോ ധാതുസ്തത്പുരിഷം ഭവതി
യോമധ്യമസ്തന്മാംസം, യോണിഷുസ്തന്മന:
സാരം: നാം കഴിക്കുന്ന ആഹാരം മൂന്നു വിധത്തില്‍ വേര്‍തിരിക്കപ്പെടുന്നു. അവയില്‍ ഏറ്റവും സ്ഥൂലമായ ഭാഗം മലമായിത്തീരുന്നു. മദ്ധ്യമമായ ഭാഗം മാംസമായും ഏറ്റവും സൂക്ഷ്മമായ ഭാഗം മനസ്സുമായിത്തീരുന്നു.
നമ്മുടെ പൂര്‍വികരായ ആധ്യാത്മിക ആചാര്യന്മാര്‍ ആത്മീയതയില്‍ മാത്രമല്ല മറ്റെല്ലാ ശാസ്ത്രശാഖകളിലും അവഗാഹം ഉള്ളവരായിരുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് യാതൊരുവിധ ഉപാധികളും ഇല്ലാതിരുന്ന അക്കാലത്ത് മനുഷ്യന്റെ ശാരീരിക ശാസ്ത്രം എത്ര കൃത്യമായിട്ടാണ് നിരീക്ഷിച്ചിട്ടുള്ളതെന്ന് ഈ മന്ത്രം വ്യക്തമാക്കുന്നു. നാം ഭക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ജഢരാഗ്‌നിയുടെ സഹായത്താല്‍ നടത്തപ്പെടുന്ന ദഹനപ്രക്രിയയെ കുറിച്ചാണ് സൂചന. അവയില്‍ ഏറ്റവും സ്ഥൂലമായ അംശം പുറന്തള്ളുന്നതിനായി വേര്‍തിരിക്കപ്പെടുന്നു. ഇതാണ് മലം. വിസര്‍ജ്ജനേന്ദ്രീയം വഴി അത് പുറന്തള്ളപ്പെടുന്നു. ആഹാരത്തില്‍ മധ്യമമായ ഭാഗം മാംസമായി മാറുന്നു. അതുപോലെ ഏറ്റവും സൂക്ഷ്മമായ അംശം മനസ്സായി പരിണമിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെയും ചിന്തകളെയും നിയന്ത്രിക്കുന്ന മനസ്സ് ഉല്‍പ്പന്നമാകുന്നത് ആഹാരത്തില്‍ നിന്നാണ് എന്നതിനാല്‍ എപ്രകാരമുള്ള ആഹാരമാണ് കഴിക്കേണ്ടത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. സാത്വികമായ ആഹാരം കഴിച്ചാല്‍ മനസ്സും സാത്വിക പ്രധാനമായിരിക്കും. സാത്വികമനസ്സിലാണ് ഉല്‍കൃഷ്ടചിന്തകള്‍ ഉണ്ടാകുന്നത്. രാജസികപ്രധാനമായ ഭക്ഷണങ്ങള്‍ അമിതമായി ഭക്ഷിച്ചാല്‍ പ്രക്ഷുബ്ധമായ മനസ്സായിരിക്കും. അതുപോലെ താമസിക പ്രധാനമായ ഭക്ഷണം കഴിക്കുമ്പോള്‍ മനസ് താമസികമായിരിക്കും. നിദ്രയും ആലസ്യവും രാക്ഷസിക ചിന്തകളുമായിരിക്കും ഫലം. ആയതിനാല്‍ നമ്മുടെ മാനസിക നിലവാരം നിശ്ചയിക്കുന്നത് നാം കഴിക്കുന്ന ആഹാരമാണെന്നതിനാല്‍ ആഹാരക്രമം നിശ്ചയിക്കുന്നതില്‍ അതീവശ്രദ്ധ ചെലുത്തേണ്ടതാണെന്നാണ് സൂചന.