ജീവിതം ആനന്ദകരമായി മുന്നോട്ടു പോകുന്ന കാലം. മക്കളൊക്കെ വളര്‍ന്നു. അവരുടെ വിദ്യാഭ്യാസം തുടങ്ങി.
നാട്ടിലെ ഏറ്റവും വലിയ സ്‌കൂളില്‍ തന്നെ ഞാന്‍ അവരെ ചേര്‍ത്ത് പഠിപ്പിച്ചു. ആ കാര്യത്തിലും അവര്‍ക്ക് ഒരു കുറവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ പഠിച്ച കാലമോ ഞാന്‍ വളര്‍ന്ന സാഹചര്യമോ അല്ല.
എങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളെ ഞാന്‍ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി. പണം കൊടുത്ത് പഠിച്ചാല്‍ മാത്രമേ മികച്ച വിദ്യാഭ്യാസം നേടാന്‍ കഴിയുയെന്ന ഈ കാലത്തെ മിഥ്യാധാരണയെ ഞാനായിട്ട് തിരുത്തി കുറിക്കേണ്ടെന്ന് എനിക്ക് തോന്നി.
കാരണം നാളെ അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ എനിക്ക് നേരെ ചൂണ്ടാന്‍ ഒരു വിരല്‍ പോലും ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
സ്‌കൂളില്‍ പോകാന്‍ കാലമാകുമ്പോഴേക്കും വീടിന്റെ മുന്നില്‍ വണ്ടിയും കൊണ്ട് വിടാന്‍ ആളും വയറു നിറയെ ആഹാരവും രാജാവിന്റെ പകിട്ടുമൊക്കെ കാണുമ്പോള്‍, നേര്‍ത്തൊരു ചിരിയുടെ കൂട്ടോടെ എനിക്കന്റെ ജീവിതമോര്‍മ്മ വരും.
ഉച്ചക്കഞ്ഞി എന്ന ഒരൊറ്റ പ്രതീക്ഷയിലായിരുന്നു ഞാന്‍ പലപ്പോഴും സ്‌കൂളിലേക്ക് പോയിരുന്നത്. അതും കിലോമീറ്ററുകളോളം ഒറ്റയ്ക്ക് നടന്ന്. അറ്റം പൊട്ടിയ സ്ലേറ്റും തേഞ്ഞുരഞ്ഞു പോയ ഘടിയും വള്ളി പൊട്ടിയ നിക്കറും നിറം മങ്ങി അഴുക്ക് പിടിച്ച ഒരു ഷര്‍ട്ടും. അതില്‍ തന്നെ പല ബട്ടനുകളുമുണ്ടാവില്ല. മഴയുണ്ടേല്‍ കാലില്ലാത്ത കമ്പിപൊട്ടിയ നിറയെ ഓട്ടകളുള്ള ഒരു കാലന്‍ കുടയുമുണ്ടാകും. അതും പിടിച്ചു കോരിച്ചൊരിയുന്ന മഴയത്ത് പാടവരമ്പില്‍ കൂടെ ഒരു പോക്കുണ്ട്. പെയ്തു തോരുന്ന പകുതി വെള്ളവും തല വഴിയാകും കടന്ന് പോകുന്നത്.
എന്നാലും ആരോടും പരാതിയില്ല പരിഭവങ്ങളില്ല. ക്ലാസിലെ ചുരുക്കം ചില കുട്ടികള്‍ മാത്രമാണ് ദാരിദ്ര്യത്തിന്റെ കൂട്ടുള്ളവര്‍. ബാക്കി പലരും സമ്പന്നരും. അവരുടെ കൂടെയാണ് പഠിപ്പെങ്കിലും തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും വഴിമാറി നടത്തലുമൊക്കെയുണ്ട്.
അത് ജാതിയുടെയോ മതത്തിന്റെയോ പേരിലായിരുന്നെങ്കില്‍ പോട്ടെന്ന് വെക്കാമായിരുന്നു.
ഇത് പക്ഷെ പണത്തിന്റെ പേരിലായിരുന്നു. പഠിപ്പിക്കുന്ന അധ്യാപകരില്‍ പലരും അറപ്പോടെയും വെറുപ്പോടെയുമാണ് പെരുമാറിയിരുന്നത് പോലും. ചെറിയ തെറ്റിന് പോലും വലിയ ശിക്ഷ നല്‍കുക പതിവായിരുന്നു.
ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് എന്തുമാകാമെന്ന ചിന്ത കൊണ്ടാവാം. കാരണം അന്നാരും അവരെ ചോദ്യം ചെയ്യാറില്ല. രക്ഷിതാക്കള്‍ പോലും മൗനത്തിലാവും. കാരണം ഒരു നേരമെങ്കിലും വയറുനിറച്ചു ഉണ്ണാന്‍ തങ്ങളുടെ മക്കള്‍ക്ക് അവിടെ നിന്ന് കിട്ടുന്നുണ്ടല്ലോ എന്ന ആശ്വാസത്തിന്റെ പേരില്‍. പഠിക്കാത്തത്തിന്റെ പേരിലായാലും മറ്റെന്തെങ്കിലും കാരണത്തിന്റെ പേരിലായാലും അന്നൊക്കെ പുറം പൊളിയുന്ന അടിയും കണ്ണ് പൊട്ടുന്ന ചീത്തയും സ്ഥിരമായിരുന്നു.
ഇന്നിപ്പോ തുറിച്ചൊന്ന് നോക്കിയ പോലും കേസായി, ജോലി പോക്കായി.
അദ്ധ്യാപകര്യം വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളെ പോലെയായി എന്തൊക്കെ മാറ്റങ്ങള്‍.
മക്കളുടെ മുറിയിലെ മേശയുടെ മുകളില്‍, വര്‍ണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞ് അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ഞാന്‍ വെറുതെ അത് കയ്യിലെടുത്ത് അതിന്റെ പുതുമണം ആര്‍ത്തിയോടെ ഉള്ളിലേക്ക് വലിച്ചെടുക്കും.
അന്നൊക്കെ ചട്ട കീറാത്ത ഒരു പുസ്തകത്തിന് ഞാനൊരുപാട് കൊതിച്ചിട്ടുണ്ട്. ആരെങ്കിലും ഉപയോഗിച്ച് കഴിഞ്ഞു തേഞ്ഞു പോയ പുസ്തകങ്ങളാകും ഞങ്ങള്‍ക്ക് കിട്ടുക. അത് തന്നെ കിട്ടണമെങ്കില്‍ മുമ്പേ പറഞ്ഞു വെക്കണം.
‘നിന്റെ പുസ്തകം എനിക്ക് തരണേടാന്ന്.’
അത് പോലെ എഴുതി കഴിഞ്ഞു ബാക്കി വന്ന പേജിലാവും നോട്ടെഴുതും. എല്ലാം അങ്ങനെ തന്നെ ആരുടെയെങ്കിലും ഉപയോഗ ശുന്യമായതിലായിരുന്നു ഞങ്ങളുടെ ഉപയോഗം. പഴകി തേഞ്ഞ യൂണിഫോം മുതല്‍ ബാഗ് വരെ ആരുടെയെങ്കിലും കരുണയാവും. തിരിഞ്ഞു നോക്കുമ്പോ നിറയെ മുറിവുകളും പോറലുകളുമാണ്. എന്നാലും തിരിഞ്ഞു നോക്കാതിരിക്കാനോ ഓര്‍മയില്‍ കൂടെ തിരികെ നടക്കാതിരിക്കാനോ കഴിയാറില്ല.
എനിക്ക് കിട്ടാത്തതൊക്കെ എന്റെ മക്കള്‍ക്കെങ്കിലും കിട്ടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഏറ്റവും വിലകൂടിയതും ഏറ്റവും മുന്തിയതുമായിരുന്നു അവര്‍ക്ക് വേണ്ടുന്നതെല്ലാം ഞാന്‍ തിരഞ്ഞെടുത്തത്.അവരുടെ ഓരോ കാര്യങ്ങള്‍ക്കും എത്ര തിരക്കുണ്ടെങ്കിലും, എവിടെയാണെങ്കിലും ഞാനോടിയെത്താറുണ്ട്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടണം, നല്ല കരുതലും കരുത്തുമാവണം അതായിരുന്നു ലക്ഷ്യം.
സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി. അതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നവും.
ആ സ്വപ്നം വൈകാതെ അവര്‍ നിറവേറി. എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം കിട്ടിയത് കൊണ്ടാണോയെന്നറിയില്ല അവനവന്റെ ആഗ്രങ്ങള്‍ക്കൊത്ത നല്ല ജോലിയും വൈകാതെ അവര്‍ക്ക് ലഭിച്ചു.
ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നു എന്നതല്ലാതെ പുതുതായി ഒന്നും സംഭവിക്കാതെ വരുമ്പോ എനിക്ക് ഭയം കൂടും.
വലിയ വീഴ്ചയ്ക്ക് മുമ്പുള്ള ശാന്തതയാണോ ഈ തണുപ്പെന്ന് ഉള്ളിലിരുന്നാരോ നിരന്തരം ചോദിച്ചു കൊണ്ടിരുന്നു.
എങ്കിലും ജീവിതത്തിന് വലിയ കേടുപാടുകളില്ലാതെ കാലം മുന്നോട്ട് തുഴഞ്ഞു കൊണ്ടിരുന്നു.
