ഹോട്ടല്‍ ജീവനക്കാരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടയില്‍; പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍

മംഗളൂരു: ഉപ്പിനങ്ങാടിയില്‍ ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനാല്‍. അടുത്ത ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ അറസ്റ്റില്‍. ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ണ, ബാളിയൂരിലെ ഹേമാവതി (37) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിഞ്ഞത്. കിടക്കപ്പായയില്‍ കിടന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കഴുത്ത് ഞെരുക്കിയതിന്റെ പാടുകള്‍ കണ്ടതോടെയാണ് മരണത്തില്‍ സംശയം തോന്നിയത്. പൊലീസെത്തി അന്വേഷിച്ചപ്പോള്‍ ഹേമാവതിയെ കൂടാതെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് താമസിക്കുന്നതെന്ന് വ്യക്തമായി. പുറമെ നിന്നുള്ള മറ്റാരും വീട്ടിലെത്തിയതായും പൊലീസിന് കണ്ടെത്താനായില്ല.
തുടര്‍ന്ന് സംഭവ ദിവസം വീട്ടില്‍ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഹേമാവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അതിന് കഴിയാതെ വന്നതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ നല്‍കിയ മൊഴി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ പ്രതി. അശ്ലീല വീഡിയോകള്‍ കണ്ടതോടെയാണ് വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരണയായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page