പയ്യന്നൂര്‍: സി പി എം രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയായ കെ വിജയനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്നു എസ് ഡി പി ഐ പ്രവര്‍ത്തകരെ വിവിധ വുകുപ്പുകളിലായി 18 വര്‍ഷത്തെ കഠിന തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു തളിപ്പറമ്പ് അഡീഷണല്‍ കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് വിധി പ്രസ്താവനയില്‍ പറഞ്ഞു.
രാമന്തളി, വടക്കുമ്പാട് സ്വദേശികളായ ടി ഹനാന്‍ (35), മുഹമ്മദ് അബ്ദുള്ള (35), എം പി ഫൈസല്‍ (36) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയടക്കുകയാണെങ്കില്‍ തുക അക്രമത്തിനു ഇരയായ വിജയനു നല്‍കണമെന്നു കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
2015 സെപ്തംബര്‍ 17നായിരുന്നു വിജയനു നേരെ വധശ്രമം ഉണ്ടായത്. ഓണാഘോഷത്തിനു മൈക്ക് ഉപയോഗിച്ചതിന്റെ പണം നല്‍കാന്‍ രാമന്തളിയിലെ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം അക്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
തലേനാള്‍ കോളോത്ത് സി പി എം -എസ് ഡി പി ഐ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജയനു നേരെ അക്രമം ഉണ്ടായത്.







