പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ അഞ്ചരക്കണി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടില്‍ ശശീന്ദ്രന്‍ (62)ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് സജന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂരിലെ ഒരു ഹോള്‍സെയില്‍ വസ്ത്രാലയത്തിലേക്ക് വസ്ത്രം വാങ്ങിക്കാനെത്തിയതായിരുന്നു പരാതിക്കാരിയായ 42കാരി.
മുന്‍ പരിചയമുള്ളതിനാല്‍ ശശീന്ദ്രന്റെ ഓട്ടോയാണ് വാടകക്ക് വിളിച്ചത്. യുവതിക്കു പോകേണ്ട സ്ഥലത്തിന് പകരം വിമാനത്താവള റോഡില്‍ കല്ലേരിക്കയയിലെ ആളൊഴിഞ്ഞ ഭാഗത്തേക്കാണ് ഓട്ടോ ഓടിച്ചു പോയത്. ഓട്ടോ ഓടിക്കൊണ്ടിരിക്കെ യുവതിയെ കയറിപ്പിടിക്കുവാന്‍ ശ്രമിച്ചു. ഇതോടെ യുവതി പുറത്തേക്ക് ചാടി. ഇതിനിടയില്‍ മറ്റൊരു വാഹനത്തിന്റെ ലൈറ്റ് കണ്ടതോടെ ശശീന്ദ്രന്‍ ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ യുവതി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ചികിത്സ തേടി.
പൊലീസുകാരനായ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് യുവതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിയായ ശശീന്ദ്രനെ അറസ്റ്റ് ചെയ്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page