വിനോദ നികുതി പിരിവില്‍ വന്‍ വീഴ്ച; കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിലും തിയേറ്ററുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയിലും പരിധിയിലെ വിജിഎം മള്‍ട്ടി പ്ലസ്, ദീപ്തി സിനിമാ തിയേറ്ററുകളിലും വിജിലന്‍സ് റെയ്ഡ്. വിനോദ നികുതി പിരിച്ചെടുക്കുന്നതില്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച പരിശോധനയില്‍ കണ്ടെത്തി. തിയേറ്ററുകളില്‍ വില്‍ക്കുന്ന ഓരോ ടിക്കറ്റിന്റെയും നിശ്ചിത ശതമാനം വിനോദ നികുതിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, വിജിഎം മള്‍ട്ടി പ്ലസ് സിനിമാ തിയേറ്റര്‍ മാനേജ്മെന്റ് 2025 നവംബര്‍ മാസം മുതല്‍ നാളിതുവരെ നഗരസഭയിലേക്ക് അടയ്‌ക്കേണ്ട വിനോദ നികുതി അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ദീപ്തി തിയേറ്ററിലെ ടിക്കറ്റ് വില്‍പ്പന കണക്കുകളും നികുതി അടവ് രേഖകളും വിജിലന്‍സ് സംഘം വിശദമായി പരിശോധിച്ചു. വിനോദ നികുതി കുടിശ്ശിക പിരിച്ചെടുത്ത് സര്‍ക്കാരിലേക്ക് ഒടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തി. നഗരസഭാ അധികൃതരുടെ വീഴ്ചയില്‍ തുടര്‍ നടപടിക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് അറിയിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റ് ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ റിജേഷ്, സന്തോഷ്, രാജേഷ്, ശ്രീജിത്ത് എന്നിവരും സംസ്ഥാന ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്. തിയേറ്ററുകളിലെ ബില്ലിംഗ് സോഫ്റ്റ്വെയര്‍, ഓണ്‍ലൈന്‍ ബുക്കിംഗ് വിവരങ്ങള്‍, ജി.എസ്.ടി റിട്ടേണുകള്‍ എന്നിവ വിജിലന്‍സ് സംഘം ശേഖരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page