സ്‌കൂളിലേക്ക് പോയ 15 കാരന്‍ തിരിച്ചെത്തിയില്ല; ഒരു രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍ തിരിച്ചെത്തിയത് രാവിലെ, സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെ

കാസര്‍കോട്: സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി തിരിച്ചെത്താതിരുന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ പല തരത്തിലുള്ള കിംവദന്തികള്‍ പരന്നത് പരിഭ്രാന്തി ഇരട്ടിപ്പിച്ചു. ഒടുവില്‍ ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കാണാതായ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ വിളി എത്തിയതോടെയാണ് വീട്ടുകാര്‍ക്കു ആശ്വാസമായത്. കൊടിയമ്മ സ്വദേശിയായ 15കാരനെയാണ് കാണാതായത്.
ഇതേ കുറിച്ച് നാട്ടുകാരും പൊലീസും പറയുന്നത് ഇങ്ങനെ- ”പതിവ് പോലെ സ്‌കൂളിലേക്ക് പോയതായിരുന്നു പതിനഞ്ചുകാരന്‍. പതിവ് സമയമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താതിരുന്നത് ആശങ്കക്കിടയാക്കി. ഇതേ തുടര്‍ന്ന് വിവരം കുമ്പള പൊലീസിനെ അറിയിച്ചു. പൊലീസ് വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ പൊലീസിന്റെ സഹായം തേടി. അന്വേഷണത്തില്‍ കാണാതായ കുട്ടി ഉപയോഗിക്കുന്ന ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ആശങ്ക വര്‍ധിച്ചു. നേരം പുലരുന്നത് വരെ അന്വേഷണം തുടര്‍ന്നുവെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കാണാതായ കുട്ടിയുടെ ഫോണ്‍ കോള്‍ വീട്ടിലെത്തി. ഇതോടെയാണ് വീട്ടുകാര്‍ക്ക് ശ്വാസം വീണത്.”
വീട്ടിലെത്താത്തതിനെക്കുറിച്ച് കുട്ടി വീട്ടുകാരോട് ഫോണില്‍ പറഞ്ഞതിങ്ങനെയാണ്- ”സ്‌കൂളില്‍ നിന്നും ഇറങ്ങിയ ശേഷം കാസര്‍കോട്ടേക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങിക്കാന്‍ പോയി. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കുമ്പോഴേക്കും നേരം ഒരുപാട് വൈകി. ഇതിനിടയില്‍ ചാര്‍ജ്ജ് തീര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. കിട്ടിയ വാഹനത്തില്‍ കുമ്പള, മുളിയടുക്കയിലെ അടുത്ത ബന്ധുവീട്ടിലെത്തി. അവിടെ താമസിച്ചു. ഫോണ്‍ ചാര്‍ജ്ജ് ചെയ്ത ശേഷമാണ് വിളിക്കുന്നത്.”
ഈ വിവരം ഉടന്‍ തന്നെ വീട്ടുകാര്‍ കുമ്പള പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞതോടെ പൊലീസിനും ആശ്വാസമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page