നീലേശ്വരത്തെ പട്ടാപ്പകല്‍ മോഷണം; കൂട്ടാളിയായ വിദ്യാനഗര്‍ സ്വദേശിയും പിടിയില്‍, വില്‍പ്പന നടത്തിയ സ്വര്‍ണ്ണം പൊയിനാച്ചിയില്‍ നിന്ന് കണ്ടെടുത്തു

കാസര്‍കോട്: നീലേശ്വരം, പള്ളിക്കരയിലെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ അഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ കൂട്ടുപ്രതിയും അറസ്റ്റില്‍. കാസര്‍കോട്, വിദ്യാനഗര്‍, പടുവടുക്കത്തെ ഷഹനാബാഗിലെ അഹമ്മദ് അന്‍വറി(22)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തിയ അഞ്ചു പവന്‍ സ്വര്‍ണ്ണം പൊയ്നാച്ചിയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നര മണിയോടെ നീലേശ്വരം, പള്ളിക്കരയിലെ സെന്റ് ആനീസ് യുപി സ്‌കൂളിന് സമീപത്തെ വ്യാപാരിയായ മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുകുമാരന്റെ ഭാര്യ സുകുമാരന് ഉച്ചഭക്ഷണം നല്‍കാന്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ അയല്‍വാസിയായ വീട്ടമ്മയോട് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം. വിവരമറിഞ്ഞെത്തിയ ഇന്‍സ്പെക്ടര്‍ കെ.വി ഉമേശനും സംഘവും നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ ഗാര്‍ഡര്‍ വളപ്പിലെ പി.എച്ച് ആസിഫ് (22)ആണെന്ന് കണ്ടെത്തി വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് കൂട്ടുപ്രതിയായ അഹമ്മദ് അന്‍വറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ആദ്യം അറസ്റ്റിലായ ആസിഫിന്റെ പേരില്‍ 11 മോഷണ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ മൂന്നും കണ്ണൂരില്‍ രണ്ടും പയ്യന്നൂരില്‍ മൂന്നും ചീമേനിയില്‍ രണ്ടും ചന്തേര, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഓരോന്നു വീതവും കവര്‍ച്ച കേസുകളാണ് ആസിഫിനെതിരെയുള്ളത്. ഇതിന് പുറമെ ഹൊസ്ദുര്‍ഗില്‍ മയക്കുമരുന്നു കേസും അടിപിടി കേസും വേറെയുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page