കാഞ്ഞങ്ങാട്ട് ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം തയ്യാറാക്കല്‍ അന്തിമഘട്ടത്തില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വയലിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം കമ്മലുകളുമായി കടന്നു കളഞ്ഞുവെന്ന കേസിന്റെ കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ 20ന് അകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് അതിവേഗം നടന്നുകൊണ്ടിരിക്കുന്നത്. മെയ് 15ന് ആണ് കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഈ സംഭവത്തിന് ജൂണ്‍ 15ന് ഒരു മാസം തികയും. കര്‍ണ്ണാടക, കുടക്,നാക്പോക് സ്വദേശിയായ പി സലിം (35)ആണ് കേസിലെ പ്രതി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.
പെണ്‍കുട്ടി മുത്തച്ഛനോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. മുത്തച്ഛന്‍ പുലര്‍ച്ചെ പശുവിനെ കറക്കുന്നതിനായി പുറത്തിറങ്ങിയ ശേഷമാണ് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പദ്ധതി പ്രകാരം സലിം തുറന്ന് കിടന്ന വാതില്‍ വഴി വീട്ടില്‍ കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
സംഭവത്തിന് ശേഷം കേരളം വിട്ട സലിം കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ആന്ധ്രാപ്രദേശിലെത്തി ഹോട്ടല്‍ ജോലി അന്വേഷിച്ചു വരുന്നതിനിടയിലായിരുന്നു കേരള പൊലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട ഏതാനും രേഖകള്‍ കൂടി അന്വേഷണ സംഘത്തിന് ലഭിക്കാനുണ്ട്. ഇവ ഉടന്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിന് തൊട്ടുപിന്നാലെ തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page