108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍; പാവപ്പെട്ട രോഗിക്ക് തുണയായി ജനറല്‍ ആശുപത്രി അധികൃതര്‍

കാസര്‍കോട്: ജനറല്‍ ആശുപത്രി അധികൃതരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയെ വിവിധ പരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാന്‍ വിഷമിച്ച കുടുംബത്തിനാണ് ആശുപത്രി അധികൃതര്‍ തുണയായത്. ബദിയടുക്കയിലെ യുവാവിനെയാണ് ന്യൂറോ സംബന്ധമായ അസുഖം ആയതിനാല്‍ വിദഗ്ധ ചികിസയ്ക്കായി പരിയാരത്തേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചത്. സാധാരണ 108 ആംബുലന്‍സിലാണ് രോഗികളെ സൗജന്യമായി കൊണ്ടുപോയിരുന്നത്. 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്. യുവാവിനെ ഭാര്യയും വിദ്യാര്‍ത്ഥികളായ 2 മക്കളുമാണ് ചികിത്സക്ക് കൊണ്ട് വന്നത്.
സൗജന്യ ആംബുലന്‍സ് ഇല്ലന്നറിഞ്ഞതോടെ കുടുംബം പ്രയാസത്തിലായി. സ്വകാര്യ ആംബുലന്‍സുകാരെ ബന്ധപ്പെട്ടപ്പോള്‍ 2500 രൂപയാണ് പറഞ്ഞത്. സന്നദ്ധ സംഘടനകളുടെ ആംബുലന്‍സുകള്‍ പല ഭാഗത്തേക്ക് രോഗികളെ കൊണ്ട് പോയിരുന്നു. മകള്‍ തങ്ങളുടെ ദയനീയാവസ്ഥ ജീവനക്കാരോട് പറഞ്ഞപ്പോള്‍ ജീവനക്കാര്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ സൗജന്യ സേവനം ഒരുക്കി. ജീവനക്കാരായ മാഹിന്‍ കുന്നില്‍, മണി എന്നിവര്‍ രോഗിയേയും ബന്ധുക്കളെയും ആംബുലന്‍സില്‍ പരിയാരത്ത് എത്തിച്ചു. ജീവനക്കാരുടെ നേതൃത്വത്തില്‍ ആ കുടുംബത്തിന് പുതുവസ്ത്രങ്ങളും ഭക്ഷണവും മരുന്നിന് ആവശ്യമായ സഹായവും നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page