കാസര്‍കോട്: തിന്മക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെയും ദുര്‍ഗാദേവിയുടെ വിജയത്തിന്റെയും പ്രതീകമായി നാടെങ്ങും ഇന്ന് (ചൊവ്വ) മഹാനവമി ആഘോഷിക്കുന്നു. മഹിഷാസുരനെ ദേവി വധിച്ച ദിവസമാണ് മഹാനവമി. ക്ഷേത്രങ്ങളിലെല്ലാം മഹാനവമി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പൂജകള്‍ നടന്നു. ആയുധ-വാഹന പൂജകളും ഉണ്ടായിരുന്നു.
നവരാത്രി ആഘോഷത്തിന്റെ പ്രധാന ആഘോഷമായ വിജയദശമി ആഘോഷം നാളെയാണ്.കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കലാണ് പ്രധാന ആഘോഷം. ഇതിനായി ദേവി ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാരംഭത്തിന് ശേഷം പ്രത്യേക പൂജകളും അന്നപ്രസാദ വിതരണവും നടക്കും.
ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം, കൊറക്കോട്, മല്ലം, തൈര, തായത്തൊടി, ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും നവരാത്രി ആഘോഷം നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ ഇന്ന് പുഷ്പരഥോത്സവം നടന്നു.







