പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ നടപടിയില്ല; ഭീതിയോടെ കുമ്പളയിലെ കുട്ടികള്‍ സ്‌കൂളിലേക്ക്

കുമ്പള: കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പൊതുമരാമത്ത് അധികൃതരോട് പിടിഎയും, അധ്യാപകരും പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയുമില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ഈ അധ്യായന വര്‍ഷവും പിടിഎയും, അധ്യാപകരും കെട്ടിടത്തിനു സമീപം കാവലിരിക്കേണ്ട അവസ്ഥ തന്നെ. രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായിട്ടുള്ളത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ത്ഥികളും, ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും പിടിഎയിലും, അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഇരു കെട്ടിടങ്ങളും. പണ്ടുകാലത്ത് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങള്‍. പിന്നീടത് പിഡബ്ല്യുഡി ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പകുതി ഭാഗവും ദ്രവിച്ച് നിലംപൊത്തിയിട്ടുണ്ട്. ബാക്കി ഭാഗമാണ് ഏത് നിമിഷവും ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ളതും. രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും, യുപിയിലെയും വിദ്യാര്‍ത്ഥികള്‍ ഈ കെട്ടിടങ്ങള്‍ക്കരികിലൂടെയാണ് വഴി നടക്കുകയും, വിശ്രമവേളകളില്‍ കളിക്കുകയും ചെയ്യുന്നത്. കളിക്കിടെ മഴപെയ്താല്‍ കുട്ടികള്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നില്‍ക്കുകയാണ് പതിവ്. കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്‌മ കലശോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ സംഗമിച്ചപ്പോള്‍ കെട്ടിടത്തിനരികില്‍ വളണ്ടിയര്‍മാര്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വന്നിരുന്നു. സ്‌കൂള്‍ മൈതാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. വിഷയത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും, പിടിഎ യുടെയും ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page