കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: അധ്യാപകനും മാധ്യമപ്രവര്‍ത്തകനും സാക്ഷരതാ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ (77) അന്തരിച്ചു.
ദീര്‍ഘകാലമായി മാതൃഭൂമിയുടെ ഹൊസ്ദുര്‍ഗ് പ്രാദേശിക ലേഖകനായിരുന്നു കാവുങ്കല്‍ നാരായണന്‍. കാന്‍ഫെഡിന്റെ ജില്ലയിലെ മുതിര്‍ന്ന സാരഥികളില്‍ ഒരാളാണ്. അധ്യാപകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. പള്ളിക്കര, കീക്കാന്‍ ഗവ. യുപി സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ,മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബേളൂര്‍ ശ്രീ ശങ്കര എയുപി സ്‌കൂള്‍, പറക്കളായി ഗവ. യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഹൊസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പ്രൈമറി എക്സ്റ്റന്‍ഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പിഎന്‍ പണിക്കരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘകാലം കാന്‍ഫെഡിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ഭാരവാഹിയായിരുന്നു. പറക്കളായി പിഎന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്ഥാപകരില്‍ ഒരാളായിരുന്ന കാവുങ്കാല്‍ നാരായണന് കാന്‍ഫെഡ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കാവുങ്കലിന്റെ നിരവധി റേഡിയോ നാടകങ്ങള്‍ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. സാക്ഷരതാ സമിതി പ്രചാരണ വിഭാഗം മാനേജര്‍, സാക്ഷരകേരളം മാസിക എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗോപുരം, കല്ലിന്റെ നിഴല്‍, അഭയം തേടുന്നവര്‍, ഗ്രാമവഴിയിലെ കനലുകള്‍ (നോവലുകള്‍), തെരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
പരേതരായ അയ്യങ്കാവ് കുഞ്ഞിരാമന്‍ മണിയാണിയുടെയും കെ പി നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര.
മക്കള്‍: അഭിലാഷ് (മാസ്‌ട്രോ മെറ്റല്‍സ്, കാഞ്ഞങ്ങാട്), വിപിന്‍ കുമാര്‍ (എന്‍ജിനിയര്‍, എറണാകുളം), സബിന്‍രാജ് (ദുബായ്)
മരുമക്കള്‍: സിന്ധു (ലൈബ്രേറിയന്‍, പി.എന്‍.പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, പറക്കളായി), പവിത്ര (എറണാകുളം), ജ്യോതി (ദുബായ്)
സഹോദരങ്ങള്‍: കെ.പി.കൃഷ്ണന്‍, കെ.പി.യശോദ, കെ.പി.ലീല, പരേതയായ കാര്‍ത്യായനി.
സംസ്‌കാരം നാളെ രാവിലെ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page