കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52 കാരനെ ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസിലേല്‍പ്പിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരനെ ജീവനക്കാരും യാത്രക്കാരും കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് പിടികൂടിയത്. പരാതിയില്‍ തുടര്‍ നടപടിക്കു വിദ്യാര്‍ഥിനിക്കു താല്‍പര്യമില്ലാത്തതിനാല്‍ മധ്യവയസ്‌കനെ പൊലീസ് വെറുതെവിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 4.15 നാണ് സംഭവം.
തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം. പുലര്‍ച്ചെ 2.30നാണ് ഷംസുദീന്‍ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ വിദ്യാര്‍ഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാര്‍ഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ബസ് നേരെ കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിട്ടു. ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു കസബ പൊലീസ് എത്തി വിദ്യാര്‍ഥിനിയില്‍ നിന്നു പരാതി എഴുതി വാങ്ങി. പ്രതി ബസില്‍നിന്നു നടത്തിയ പ്രവൃത്തി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതേസമയം, ബസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേര്‍ന്നു തടഞ്ഞു വച്ച് പൊലീസിനു കൈമാറി. പരാതിയില്‍ തുടര്‍ നടപടിക്കു താല്‍പര്യമില്ലെന്നു വിദ്യാര്‍ഥിനി അറിയിച്ച സാഹചര്യത്തില്‍ പ്രതിക്കു സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചുവെന്ന് പൊലീസുകാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page