കാസര്‍കോട്: കുമ്പള ജിഎസ്ബിഎസ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കുന്നതിനിടയില്‍ വേദിക്കു സമീപത്ത് ബഹളം വയ്ക്കുകയും കവാടം ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് എം എൽ അശ്വിനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. എസ്‌ഐ കെപി ഗണേശിന്റെ പരാതിയിൽ എംഎല്‍ അശ്വിനി നേതാക്കളും പ്രവര്‍ത്തകരുമായ ബന്തടുക്ക, സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപത്തെ അശ്വിന്‍ അജി കുമാര്‍, നെക്രാജെ പുണ്ടൂര്‍, അര്‍ളടുക്കയിലെ ശ്രീ പത്മം ഹൗസില്‍ പിആര്‍ സുനില്‍ (40), കുമ്പള, കോയിപ്പാടി കുണ്ടങ്കേരടുക്കയിലെ സന്ദീപ് (40), വിക്രംപൈ തുടങ്ങി പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വിദ്യാഭ്യാസ മന്ത്രിയുടെ പരിപാടിക്കായി തയ്യാറാക്കിയ വേദിയുടെ പ്രവേശന കവാടത്തിലെ ഗേറ്റിലേക്ക് കുമ്പള ഭാഗത്തു നിന്ന് പ്രകടനമായെത്തി പ്രവേശനം തടസ്സപ്പെടുത്തിയെന്ന് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു







