കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയ സംഭവം; പ്രതി കുടക് സ്വദേശി സലീം ആന്ധ്രയില്‍ പിടിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിഎ സലീം(35) ആന്ധ്രയില്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വെള്ളിയാഴ്ച രാവിലെ പിടികൂടിയത്. സലീമിനെ വൈകീട്ടോടെ കാഞ്ഞങ്ങാട്ട് എത്തിക്കും. സംഭവ ശേഷം സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ സഹായമായത്. ഈമാസം 15നു പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ലൈംഗികാതിക്രമത്തിനു ശേഷം ആഭരണങ്ങള്‍ ഊരിയെടുത്തു റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. അക്രമി സ്ഥലംവിട്ട ശേഷം അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറി വീട്ടുകാരോടു കുട്ടി സംഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശന്‍ പതിവുപോലെ കറവു ജോലിക്കു പോയതായിരുന്നു. വീടിന്റെ വാതില്‍ ചാരിയാണ് പോയത്. ഈ സമയം വാതില്‍ തുറന്ന് അകത്തു കടന്നാണ് അക്രമി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തു കൊണ്ടുപോയത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായിരുന്നില്ല. നേരത്തെ ജയിലില്‍ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബംഗളൂരുവിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാള്‍ ഫോണില്‍ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page