10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; കസ്റ്റഡിയിലുള്ള യുവാവിന്റെ രക്തസാമ്പിള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു; അറസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ സംശയിക്കുന്ന യുവാവിന്റെ രക്തസാമ്പിള്‍ ഡി.എന്‍.എ പരിശോധനക്കയച്ചു. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പ്രതിയുടെ അറസ്റ്റ് നടക്കു എന്നാണ് സൂചന.
27 വയസ്സുള്ള യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവെങ്കിലും കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ കേസ് തെളിയിക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം ലഭിച്ചത്. ഇതിനകം ശേഖരിച്ച തെളിവുകളെല്ലാം യുവാവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്.
ഏതാനും ദിവസം മുമ്പ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ വീട്ടിലെത്തിയ ഈ യുവാവ് പടന്നക്കാട്ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴി ചോദിച്ചിരുന്നുവത്രെ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷമാണ് ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കഞ്ചാവിന് അടിമയാണ് ഇയാളെന്നാണ് സൂചന.
ഈ മാസം ഒന്‍പതിന് പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച സംഭവം ഉണ്ടായിരുന്നു. മുന്‍വശത്തെ വാതില്‍ വഴി അകത്ത് കടന്ന അക്രമി മാല പൊട്ടിച്ച ശേഷം അടുക്കള ഭാഗത്തെ വാതില്‍ വഴിയാണ് ഓടി രക്ഷപ്പെട്ടത്. എന്നാല്‍ മുക്കുമാലയായതിനാല്‍ സംഭവം പൊലീസില്‍ അറിയിച്ചിരുന്നില്ല. സമാനരീതിയിലാണ് പെണ്‍കുട്ടിയുടെ വീട്ടിനകത്ത് എത്തിയതും രക്ഷപ്പെട്ടതും. മാല പൊട്ടിച്ചയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിയെ സംശയിക്കുന്നതിന് സഹായകമായി. ഇയാള്‍ക്കെതിരെ സമാനമായ മറ്റൊരു പീഡനക്കേസുമുണ്ടത്രെ.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
ഡി.ഐ.ജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പിമാരായ ലതീഷ്, പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page