രണ്ടു തവണ രക്ഷപ്പെട്ടു; മൂന്നാം തവണയും അതേ സ്ഥാപനത്തില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ നാട്ടുകാരുടെ വലയില്‍ കുരുങ്ങി

കാസര്‍കോട്: രണ്ട് തവണയും കവര്‍ച്ചാമുതലുകളുമായി രക്ഷപ്പെട്ട മോഷ്ടാക്കള്‍ മൂന്നാം തവണ നാട്ടുകാരുടെ വലയില്‍ കുരുങ്ങി. പൊലീസിനു കൈമാറിയ മോഷ്ടാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക, ഹാസന്‍, ബെളൂരു, അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍ (23), തമിഴ്നാട് ശിരിമംഗലം, മാവട്ടം, കല്ലഗു മുച്ചിയിലെ ഹരിശ്ചന്ദ്ര (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പൊസോട്ട്, ബഡാജെയിലെ കരീമിന്റെ ഉടമസ്ഥതയിലുള്ള ഗുജ്രിക്കടയിലാണ് മോഷണം നടന്നത്. ഒരു കിലോ പിത്തള സാധനങ്ങള്‍, രണ്ട് സിസിടിവി ക്യാമറകള്‍ എന്നിവയാണ് മോഷണം പോയത്. മോഷണവസ്തുക്കളുമായി രാത്രി 12 മണിയോടെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇരുവരെയും കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. കൈവശം ഉണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോള്‍ പിത്തള സാധനങ്ങളും ക്യാമറകളും കണ്ടു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും കൈമാറി. പൊലീസ് ചോദ്യം ചെയ്യലിലാണ് കരീമിന്റെ ഗുജ്രിക്കടയിലാണ് കവര്‍ച്ച നടന്നതെന്ന് വ്യക്തമായത്. കടയില്‍ നിന്നു നേരത്തെ രണ്ട് തവണ കവര്‍ച്ച നടന്നിരുന്നു. അന്ന് സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ അശോകനും ഹരിശ്ചന്ദ്രയുമാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page