കാഞ്ഞങ്ങാട്: ഗാർമെന്റ്സ്, തുണിത്തര ബിസിനസിന്റെ മറവിൽ നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് താമസിച്ചിരുന്ന സഫീന(62)യാണ് പിടിയിലായത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ സഫീനക്കെതിരെ പത്തിലധികം ചെക്ക് കേസുകളിൽ വാറണ്ട് നിലവിലുണ്ട്. തുണിത്തര വ്യാപാരവുമായി ബന്ധപ്പെട്ട് വിവിധ ആളുകളിൽ നിന്നും ഷെയർ ഇനത്തിൽ കോടിക്കണക്കിന് രൂപ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ ഇവർക്കെതിരെ വാറണ്ടുകൾ നിലവിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പി നിധിൻരാജിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കൊല്ലത്ത് ഒളിവിൽ കഴിയുന്നത് കണ്ടുപിടിച്ചത്. തുടർന്ന് സ്ക്വാഡ് അംഗങ്ങൾ കൊല്ലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







