നായന്മാര്‍മൂലയില്‍ മയക്കുമരുന്ന് വേട്ട, കാറില്‍ കടത്താന്‍ ശ്രമിച്ച 6.99 ഗ്രാം എംഡിഎംഎ പിടികൂടി; എരുതുംകടവ്, ചൗക്കി സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: നായന്മാര്‍മൂലയില്‍ ബിസി റോഡില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 6.99 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി. മുട്ടത്തൊടി എരുതുംകടവ് സ്വദേശി മുഹമ്മദ് സവാദ് അലി(43), ചൗക്കി കെകെ പുറം സ്വദേശി അക്ഷയ്(30) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 10 ഓടെ വിദ്യാനഗര്‍ എസ്‌ഐമാരായ വിജയന്‍ മേലോത്ത്, കെവി ജഗദീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. പട്രോളിങിന്റെ ഭാഗമായി ബിസി റോഡിലൂടെ പൊലീസ് വാഹനം പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ചുവന്ന കാര്‍ ഉദ്യോഗസ്ഥരെ കണ്ട് മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഇതുകണ്ട പൊലീസ് കാറിനെ പിന്തുടര്‍ന്നു. റോഡിന് കുറുകെ വാഹനം നിര്‍ത്തി കാര്‍ തടഞ്ഞുവച്ചു. കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പൊലീസ് ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അകത്തുണ്ടായിരുന്നവരെ പുറത്തിറക്കി കാര്‍ വിശദമായി പരിശോധിച്ചു. ഡാഷ് ബോര്‍ഡിനുള്ളില്‍ ലഹരി വലിക്കാനുള്ള ഗ്ലാസ് ട്യൂബും സിപ്പ് ലോക്ക് കവറുകളും കണ്ടെത്തി. ഇതോടെ മയക്കുമരുന്ന് ഇടപെടുണ്ടെന്ന് വ്യക്തമായി. ഇളകി കിടന്ന ഫ്ളോര്‍മാറ്റിനടിയില്‍ സിപ് ലോക്ക് കവറിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വില്‍പനയ്ക്കും സ്വന്തം ആവശ്യത്തിനും സൂക്ഷിച്ചതാണെന്ന് പ്രതികള്‍ പൊലീസിനു മൊഴി നല്‍കി. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകീട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി. എഎസ്‌ഐമാരായ കെവി സുരേഷ് ബാബു, പ്രദീപ് കുമാര്‍, സിപിഒ ഷീന, ഹോംഗാര്‍ഡ് പി സജീത്ത് എന്നിവരും ബിസി റോഡില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page