സംസാരിക്കാനാകാത്ത കുട്ടിക്ക് തിളച്ച പാല്‍ നല്‍കിയ സംഭവം; പിണറായിയിലെ അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്; കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിയിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാനോ വീട്ടുകാരെ വിവരമറിയിക്കാനോ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ചന്‍ ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവം കഴിഞ്ഞ് ഒരുമണിക്കൂറിന് ശേഷം മകന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് അങ്കണവാടി ജീവനക്കാര്‍ അമ്മയെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. പോയി നോക്കുമ്പോള്‍ കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. തിളച്ചപാല്‍ കൊടുത്തശേഷം തുണി കൊണ്ട് തുടച്ചപ്പോഴാണ് തൊലി മുഴുവന്‍ പോയതെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് വിവരം. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസിനോട് ഉള്‍പ്പെടെ വിശദീകരണം ചോദിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page