പയ്യന്നൂരില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍; സുഹൃത്തായ യുവാവിനെ 22 കിലോമീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ഒരു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും 22 കിലോമീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയാണ് കുറ്റൂരിനടുത്ത് ഇരൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂര്‍ പോകുന്നതിനാല്‍ വീട് നോക്കാന്‍ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദിനെയായിരുന്നു ഏല്‍പ്പിച്ചത്. ടൂര്‍ കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും, യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുളും തമ്മില്‍ നിരവധി കിലോമീറ്റര്‍ ദൂരമുണ്ട്. രണ്ടു പേരുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണ്. യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബെറ്റിയുടെ അറിവോടെയല്ല വീട്ടില്‍ താമസിച്ചത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുദര്‍ശന്‍ പ്രസാദും അനിലയും സുഹൃത്തുക്കളാണെന്നാണ് വിവരം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page