അമ്പലത്തറ കള്ളനോട്ട് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, അഴിയുമോ കോടികളുടെ രഹസ്യം?

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ നിരോധിത 2000 രൂപ കള്ളനോട്ട് പിടികൂടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ഇന്‍സ്പെക്ടര്‍ ലിപിന്‍ ആണ് കേസ് അന്വേഷിക്കുന്നത്.
2024 മാര്‍ച്ച് 20ന് ആണ് കള്ളനോട്ടുകള്‍ പിടികൂടിയത്. അബ്ദുല്‍ റസാഖിന്റെ വാടകവീട്ടില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളില്‍ കെട്ടിവെച്ച നിലയില്‍ പൂജാമുറിയിലും മറ്റും സൂക്ഷിച്ചുവെച്ചിരുന്ന നോട്ടുകള്‍ പിടികൂടിയത്. 28 മണിക്കൂറോളം നേരം 20 പൊലീസുകാര്‍ ചേര്‍ന്നാണ് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. വീട് വാടകക്കെടുത്ത അബ്ദുല്‍ റസാഖ്, സുഹൃത്ത് സുലൈമാന്‍ എന്നിവര്‍ ഒളിവില്‍ പോവുകയും പിന്നീട് ഇരുവരും വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ച് അറസ്റ്റിലാവുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് കോടതി അന്നു തന്നെ ജാമ്യം നല്‍കുകയും ചെയ്തിരുന്നു. നോട്ട് തട്ടിപ്പ് വഴി പണം സമ്പാദിക്കുന്നതിനാണ് കള്ളനോട്ടുകള്‍ ഉപയോഗിച്ചതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത്രയും അധികം കള്ളനോട്ടുകള്‍ സൂക്ഷിച്ചതെന്തിനെന്നുള്ള ചോദ്യത്തിന് പ്രതികള്‍ക്ക് വ്യക്തമായ മൊഴി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നിരോധിത നോട്ടുകള്‍ എവിടെ വെച്ചാണ് അച്ചടിച്ചതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനും കഴിഞ്ഞിരുന്നില്ല. ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രധാന ദൗത്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page