മകളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യ; ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ അന്വേഷണം

കാസര്‍കോട്: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് അന്വേഷണം തുടങ്ങി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, കോപ്പാളം കൊച്ചിയില്‍ നാടിനെ നടുക്കിയ സംഭവം നടന്നത് വെള്ളിയാഴ്ചയാണ്. കോപ്പാളം കൊച്ചിയിലെ രാമചന്ദ്രന്റെ മകള്‍ ബിന്ദു (28)മകള്‍ ശ്രീനന്ദ (നാലുമാസം) എന്നിവരാണ് മരണപ്പെട്ടത്. മകളെ തൊട്ടിലില്‍ കിടത്തി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബിന്ദു വീടിനു പുറത്തിറങ്ങി മുറ്റത്തെ മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി സ്വദേശിയായ ശരത്തിന്റെ ഭാര്യയാണ് ബിന്ദു. ഇയാള്‍ ഇസ്രായേലിലാണ്. ഭര്‍തൃ വീട്ടില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബിന്ദുവും മക്കളും പിതാവ് രാമചന്ദ്രനൊപ്പം കോപ്പാളം കൊച്ചിയിലെ വീട്ടിലെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മകളെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നു രാമചന്ദ്രന്‍ ആദൂര്‍ പൊലീസിനു മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ ആത്മഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നു പൊലീസ് പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബിന്ദുവിന്റെയും മകള്‍ ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ കോപ്പാളം കൊച്ചിയില്‍ സംസ്‌ക്കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page