പാലൂട്ടിയതിന് പിന്നാലെ കൊല; ബിന്ദു സ്വന്തം പിഞ്ചോമനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് എന്തിന്? ഉത്തരം കിട്ടാതെ നാട്ടുകാര്‍

കാസര്‍കോട്: നാലു മാസം പ്രായമുള്ള പൊന്നോമനയെ മുലയൂട്ടിയതിന് പിന്നാലെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മുറ്റത്തെ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത് എന്തിന്? ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ കണ്ണീരൊഴുക്കുകയാണ് കുടുംബവും നാട്ടുകാരും. വെളളിയാഴ്ച ഉച്ച കഴിഞ്ഞാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. മുളിയാര്‍ കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്‍-ലളിത ദമ്പതികളുടെ മകള്‍ ബിന്ദു (28) ബിന്ദുവിന്റെ മകള്‍ നാലു മാസം പ്രായമുള്ള ശ്രീനന്ദന എന്നിവരാണ് മരണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിനകത്തെ തൊട്ടിലിലും ബിന്ദുവിന്റെ മൃതദേഹം മുറ്റത്തുള്ള മരത്തിലുമാണ് കാണപ്പെട്ടത്. ഇടുക്കി, തൊടുപുഴ സ്വദേശി ശരത്താണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ഇയാള്‍ ഇസ്രായേലിലാണ്. ഭര്‍തൃവീട്ടിലായിരുന്നു ബിന്ദുവും മക്കളും. ഭര്‍തൃവീട്ടില്‍ നിന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പിതാവ് രാമചന്ദ്രന്‍ തൊടുപുഴയിലെത്തി ബിന്ദുവിനെയും മക്കളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അതിന് ശേഷം സന്തോഷവതിയായിരുന്നുവെന്ന് പറയുന്നു. ഉച്ചകഴിഞ്ഞ് പിതാവ് രാമചന്ദ്രനും സഹോദരിയുടെ മകനും വീടിനകത്ത് ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് കുഞ്ഞിന് മുലയൂട്ടാനെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ബിന്ദു അല്‍പസമയത്തിനകം പുറത്തിറങ്ങി. അസ്വാഭാവികതയൊന്നും അനുഭവപ്പെടാത്തതിനാല്‍ ആരും ശ്രദ്ധിച്ചില്ല. ഇതിനിടയില്‍ സഹോദരിയുടെ മകന്‍ തൊട്ടിലിന് അരികിലെത്തിയപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ് കിടക്കുന്നത് കണ്ടത്. രാമചന്ദ്രന്‍ എത്തി നോക്കിയപ്പോള്‍ കുഞ്ഞിന് ജീവനില്ലെന്ന് ബോധ്യമായി. ബിന്ദുവിനെ അന്വേഷിച്ചപ്പോഴാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിന്റെ മൂത്ത മകന്‍ സംഭവസമയത്ത് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. രാമചന്ദ്രന്‍ കോട്ടയം സ്വദേശിയാണ്. മിച്ചഭൂമി ലഭിച്ചതിനെത്തുടര്‍ന്നാണ് കുടുംബസമേതം കോപ്പാളംകൊച്ചിയില്‍ ചെറിയ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയത്. സഹോദരങ്ങള്‍: സിന്ധു, രമ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page