സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്; 112 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവും 125 ലിറ്റര്‍ വാഷും പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഊര്‍ജിതമാക്കി. വെള്ളിയാഴ്ച 112 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവും 125 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. മീഞ്ച ബേരിക്കയില്‍ വെച്ച് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വഡ് മീഞ്ച ബേരിക്കയില്‍ നടത്തിയ റെയ്ഡില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തിച്ച് വിതരണം ചെയ്യാന്‍ ഒരുക്കിയ മദ്യ ശേഖരം കണ്ടെടുത്തു. ബേരിക്ക സ്വദേശി രാധാകൃഷ്ണന്റെ(54) വീട്ടില്‍ നിന്ന് 112.32 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ (ഗ്രേഡ്) കെവി മുരളിയും സംഘവും നടത്തിയ പരിശോധനയിലാണ് അന്തര്‍സംസ്ഥാന മദ്യ കടത്തു സംഘത്തിലെ ഒരാളെ പിടികൂടിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കര്‍ശന പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കര്‍ണാടക കേരള അതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷിത സ്ഥലങ്ങളില്‍ മദ്യം ശേഖരിച്ചുവച്ച് ജില്ലയുടെ ഇതര സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാനുള മദ്യ ശേഖരമാണ് എക്‌സൈസ് പിടികൂടിയത്. അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ചും എക്‌സൈസ് അന്വേഷണം നടത്തുന്നുണ്ട്. പിടിക്കപ്പെട്ടയാള്‍ ഇടനില നിലക്കാരനാണെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍കുമാറും സംഘവും നടത്തിയ പരിശോധനയില്‍ വെള്ളരിക്കുണ്ട് മാലോം വാഴത്തട്ടിലെ കാട്ടില്‍ സൂക്ഷിച്ച 125 ലിറ്റര്‍ വാഷ് കണ്ടെടുത്തു. സൂക്ഷിച്ചുവച്ച ആളെ പിടികൂടാനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page