കരിന്തളം:തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റിയെടുത്ത് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ -പെരളം, കങ്കോൽ -ആലപ്പടമ്പ് എന്നീ പഞ്ചായത്തിലേക്കും കാസർകോട് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും കൊണ്ടുപോകാനുള്ള തൃക്കരിപ്പൂർ അഡ്ജോയിനിങ് പഞ്ചായത്ത് എന്ന പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലും താമ സിക്കുന്ന ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു . ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റർ വെള്ളമാണ് പുഴയിൽ നിന്നും ഊറ്റിയെടുക്കുക. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താൽ അതിനു തക്ക നീരൊഴുക്ക് നിലവിൽ തേജസ്വിനി പുഴയിൽ ഇല്ല. ഇത് തീരദേശ മേഖലയിലും കുന്നിൻ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ പ്രവർത്തനമാരംഭിച്ച ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാർ ഒന്നടക്കം ആവശ്യപ്പെടുന്നു . പാലായി ഷട്ടർ കം ബ്രിഡ്ജ് നിലവിൽ ഉണ്ടായിട്ട് തന്നെ വേനൽക്കാലത്ത് പുഴയിൽ ചെറിയതോതിൽ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ വൻതോതിൽ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധി ക്ക് കാരണമാകും. കയ്യൂർ-ചീമേനി പഞ്ചായത്തിലെയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെയും തീരദേശ മേഖലയിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. തീരദേശ മേഖലയിൽ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്ന ഈ പദ്ധതി എന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. ഇതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിനുവേണ്ടി മന്നച്ചം വയലിൽ ചേർന്ന ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം വി. പത്മാവതി അധ്യക്ഷതാ വഹിച്ചു. കെ സുകുമാരൻ, എം ചന്ദ്രൻ, കെ വി രമേശൻ,പി എ രാജൻ, വി. അമ്പുഞ്ഞി, കെ സുരേഷ് പ്രസംഗിച്ചു . തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എംഎൽഎമാർ, കാസർകോട് ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകാനും, 27 ന് വൈകിട്ടു മുക്കടപ്പാലം കേന്ദ്രീകരിച്ച് പ്രതിഷേധ മനുഷ്യചങ്ങല തീർക്കാനും കമ്മിറ്റി തീരുമാനിച്ചു. ഭാരവാഹികളായി വി. അമ്പുഞ്ഞി ( കൺ. ) കെ സുരേഷ് (ചെയ.) എന്നിവരെ തിരഞ്ഞെടുത്തു.







