കാഞ്ഞങ്ങാട് : ദേശീയപാതയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന വഴിയിൽ നിലനിൽക്കുന്ന ഗതാഗത പ്രശ്നങ്ങൾക്കും അനുബന്ധ ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി എംഎൽഎ ഗോവിന്ദൻ പള്ളികാപ്പിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. യോഗത്തിന് മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാതയിൽ സ്ഥലപരിശോധന നടത്തി. ആശുപത്രിയിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള തടസ്സങ്ങൾ, വാഹന ഗതാഗതത്തിലെ പ്രയാസങ്ങൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ പരിശോധിച്ചു. ജില്ലാ ആശുപത്രിയിലേക്ക് രോഗികൾക്കും ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സുഗമമായി എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ സ്ഥിരമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് വിഷയത്തിൽ ഇടപെട്ടതോടെ ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഉണ്ടായത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, ജില്ലാ പഞ്ചായത്തംഗം സബീഷ് കെ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ലതാ ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ പ്രശാന്ത് എം, രാജൻ അത്തിക്കോത്ത്, രതീഷ് കെ.വി, രേഷ്മ രാജൻ, കാഞ്ഞങ്ങാട് ട്രാഫിക് സബ് ഇൻസ്പെക്ടർ ജയരാജൻ പി., അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്യു വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിജ എം.പി. തുടങ്ങിയവർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. കെ. രാജ്മോഹൻ, അഡ്വ. പി.വി. സുരേഷ്, എൻ. ബാലകൃഷ്ണൻ, കെ. മുഹമ്മദ് കുഞ്ഞി, പി.പി. രാജു, കെ.എസ്. പീറ്റർ, അഡ്വ. കെ.വി. രാമചന്ദ്രൻ, സി.വി. തമ്പാൻ, അഡ്വ. നിസാം ഫലാഹ്, വിനോദ് കുമാർ, ഷാജി മാവുങ്കാൽ, ശശിധരൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ദേശീയപാത അതോറിറ്റിയെ പ്രതിനിധീകരിച്ച് സൈറ്റ് എഞ്ചിനിയർ ഹർകേഷ് മീണ, ലൈസൺ ഓഫീസർ കെ. സേതുമാധവൻ നായർ, റസിഡൻറ് എൻജിനീയർ യോഗേന്ദ്രപ്പ, നിർമ്മാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളായ അസിസ്റ്റൻറ് ജനറൽ മാനേജർ ഡി. സുധാകരൻ, സേഫ്റ്റി മാനേജർ വിജയ് റാത്തോഡ്, സർവ്വേ മാനേജർ എം. പ്രദീപ് മോഹൻ, ലെയിസ ഓഫിസർ ടി മാധവൻ, ഹോസ്‌ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി, ഡെപ്യൂട്ടി തഹസിൽദാർ പിവി തുളസി രാജൻ എന്നിവർ പങ്കെടുത്തു.







