മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; ഒളിവില്‍ പോയ പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് നടപടി തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, മദക്കളയിലെ മൊയ്തീന്‍ ആരിഫ് (22) കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിന് റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുന്നതിന് പൊലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
മാര്‍ച്ച് നാലിനാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ മൊയ്തീന്‍ ആരിഫ് കൊല്ലപ്പെട്ടത്. കഞ്ചാവ് ലഹരിയില്‍ ബഹളം വെച്ച മൊയ്തീന്‍ ആരിഫിനെ മാര്‍ച്ച് മൂന്നിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്നു രാത്രി തന്നെ പ്രതിയെ ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. അതിന് ശേഷം ആരിഫിനെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തൂമിനാട് മൈതാനത്ത് എത്തിച്ച് ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ആരിഫിനെ വീട്ടിലെത്തിച്ച സംഘം മടങ്ങുകയും ചെയ്തു. മാര്‍ച്ച് നാലിന് രാവിലെ ആരിഫ് രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ആരിഫിന്റെ സഹോദരി ഭര്‍ത്താവടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഇവര്‍ റിമാന്റിലാണ്. ഒളിവില്‍ പോയ മറ്റു ആറു പ്രതികളില്‍ രണ്ടു പേര്‍ ഗള്‍ഫിലേക്ക് കടന്നിട്ടുള്ളതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇതേ തുടര്‍ന്നാണ് പ്രതികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നതിന് മുന്നോടിയായി റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page