മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, വീട്ടിലും തൂമിനാട് മൈതാനിയിലും തെളിവെടുപ്പ് നടത്തി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൂമിനാട്ട് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുഞ്ചത്തൂരിലെ അബ്ദുല്‍ റഷീദ്, കണ്വതീര്‍ത്ഥയിലെ സിദ്ദിഖ്, ഷൗക്കത്തലി എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. ഇവരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്ന തൂമിനാട് മൈതാനിയിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് തുടങ്ങി. മദക്കള സ്വദേശിയായ മൊയ്തീന്‍ ആരിഫ് മാര്‍ച്ച് നാലിനാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. തലേ നാള്‍ മൊയ്തീന്‍ ആരിഫിനെ കഞ്ചാവ് ലഹരിയില്‍ ബഹളം വെച്ചതിന് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി തന്നെ ഇയാളെ സഹോദരി ഭര്‍ത്താവായ അബ്ദുല്‍ റഷീദിന്റെ കൂടെ ജാമ്യത്തില്‍ വിട്ടിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും ബൈക്കില്‍ കയറ്റി തൂമിനാട് മൈതാനത്ത് എത്തിച്ച ശേഷം ഒരു കൂട്ടം ആള്‍ക്കാര്‍ മൊയ്തീന്‍ ആരിഫിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിന് ശേഷം വീട്ടിലെത്തിച്ചാണ് സംഘം മടങ്ങിയത്. പിറ്റേ ദിവസം രാവിലെ മൊയ്തീന്‍ ആരിഫ് രക്തം ഛര്‍ദ്ദിക്കുകയും മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു, അവിടെ വെച്ചാണ് മരണം സംഭവിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേരടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലാകാന്‍ ബാക്കിയുള്ള ആറുപേരില്‍ രണ്ട് പേര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റു നാലു പേര്‍ ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഒളിവില്‍ പോയിട്ടുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page