കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര: സ്വകാര്യ ബസ്സുകളില്‍ കണ്ടക്ടര്‍, ക്ലീനര്‍ ജോലി ഇല്ലാതായി; മുതലാളിമാര്‍ ഡ്രൈവര്‍മാര്‍
എസ് സുരേന്ദ്രന്‍
കാസര്‍കോട്: കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്രയുമായി പ്രിയദര്‍ശിനി ബസ്സുകള്‍ കുതിക്കുമ്പോള്‍ സ്വകാര്യ ബസ്സുകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മുതലാളിമാര്‍ തൊഴിലാളികളായി മാറുകയും ചെയ്യുന്നു.
ഡ്രൈവറുടെയും കണ്ടക്ടറുടെയും ക്ലീനറുടെയും ജോലി തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ ഡ്രൈവര്‍മാര്‍ ഒറ്റക്കു ചെയ്യുന്നു. തിരുവല്ല- പത്തനംതിട്ട റൂട്ടില്‍ സ്വകാര്യ ബസ്സുകളില്‍ മിക്കതിലും ഇപ്പോള്‍ ഡ്രൈവര്‍ മാത്രമേയുള്ളൂ. ബസ് ഓടിക്കുന്നതും ടിക്കറ്റ് കൊടുത്തു പണം വാങ്ങുന്നതും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതുമെല്ലാം ഇപ്പോള്‍ ഡ്രൈവര്‍മാരാണ്. സത്യം പറയാമല്ലോ, മിക്ക ബസ്സുകളിലും അതിനനുസരിച്ചേ യാത്രക്കാരുമുണ്ടാവുന്നുള്ളൂ.
2026 ജൂണ്‍ 15ന് ആരംഭിച്ച കെ എസ് ആര്‍ ടി സിയിലെ വനിതകള്‍ക്കുള്ള സൗജന്യയാത്രയും അതിനുവേണ്ടി ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി സര്‍വ്വീസും പൊതു ഗതാഗത രംഗം താമസിയാതെ താറുമാറാക്കുമെന്ന് ആളുകള്‍ ഉത്കണ്ഠപ്പെടുന്നു. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സൗജന്യ യാത്രാ പരിപാടിയോട് ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ ആറുലക്ഷം കോടി രൂപ കടത്തില്‍ മുങ്ങി നില്‍ക്കുന്ന സംസ്ഥാനത്തിന് ഇത് എത്രനാള്‍ താങ്ങാനാവുമെന്ന സംശയം സ്വാഭാവികമായി ഉയരുന്നു.

അയ്യായിരത്തില്‍പ്പരം ബസ്സുകളും അതിനു പുറമെ വാടകയ്‌ക്കെടുക്കുന്ന ബസ്സുകളും 30ല്‍പ്പരം ബസ് സ്റ്റാന്റുകളും അതിലെല്ലാം വന്‍ തുക വാടക ലഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകളുമുള്ള കെ എസ് ആര്‍ ടി സിക്ക് 20,000ത്തോളം വരുന്ന ജീവനക്കാര്‍ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം കൊടുക്കണമെന്ന സ്ഥിതിയാണ് ഏറെക്കാലമായി നിലനില്‍ക്കുന്നത്. ഇതിനു മാസം വിവിധ ഇനങ്ങളില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നു 80 കോടി രൂപ ശരാശരി നല്‍കുന്നുണ്ടെന്നു പറയുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത ഒരു സംവിധാനം ജനങ്ങളുടെ പണം കൊണ്ടു നിലനിറുത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്ന സംശയം ഉയരുന്നുണ്ട്.
നിലവില്‍ സ്വന്തമായും വാടകയ്‌ക്കെടുത്തതുമായ ബസുകള്‍ കൃത്യമായും ജാഗ്രതയോടെയും ഓടിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാവുന്നതാണ്. വനിതകള്‍ക്കു സൗജന്യയാത്ര ഏര്‍പ്പെടുത്തിയതോടൊപ്പം അതിനുള്ള നടപടികള്‍കൂടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നെങ്കില്‍ കെ എസ് ആര്‍ ടി സിക്കും സര്‍ക്കാരിനും അതു മുതല്‍ക്കൂട്ടാകുമായിരുന്നു.

കെ എസ് ആര്‍ ടി സി വനിതകള്‍ക്കു സൗജന്യയാത്ര ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ബസ്സുകള്‍ക്കു ഡീസലും ജീവനക്കാര്‍ക്കു പ്രതിഫലവും നല്‍കിക്കഴിഞ്ഞാല്‍ മുതലാളിക്കു കാല്‍കാശുപോലും കിട്ടാത്ത ദിവസങ്ങളുമുണ്ടാകാറുണ്ടെന്നു പറയുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ചും ബാങ്ക് ലോണെടുത്തും വാങ്ങി റോഡിലിറക്കിയ ബസ്സുകളുടെ അവസ്ഥയില്‍ സഹതാപം തോന്നിയാണ് ജീവനക്കാര്‍ ജോലിയില്‍ നിന്നു മാറിയതെന്നും മാറിക്കൊണ്ടിരിക്കുന്നതെന്നും പറയുന്നു. പകരം ജീവനക്കാരെ എടുക്കാതെ പല സ്വകാര്യ ബസ്സുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റജോലിക്കാരന്‍ സര്‍വ്വീസായി മാറിയിരിക്കുകയാണ്. ഈ സ്ഥിതിയില്‍ എത്രകാലം മുന്നോട്ടുപോകാനാവുമെന്ന ആശങ്കയില്‍ സ്വകാര്യ ബസ് ഉടമകളും വിഷമിക്കുന്നു. ബാങ്ക് വായ്പയില്‍ ബസ്സുകള്‍ വാങ്ങിയവരാണ് ഏറെ വിഷമിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിതി ഇങ്ങനെയിരിക്കെ, കാസര്‍കോടു ജില്ലയില്‍ സ്വകാര്യ ബസുടമാസംഘത്തിന്റെ ജില്ലാ പ്രസിഡന്റ് കെ ഗിരീഷിന്റെയും ജനറല്‍ സെക്രട്ടറി ലക്ഷ്മണന്റെയും ബസ്സുകളില്‍ ഡ്രൈവര്‍ ജോലി അവര്‍ തന്നെ ചെയ്യുന്നു. പ്രിയദര്‍ശിനി സര്‍വ്വീസ് ആരംഭിച്ചതിനു ശേഷമുള്ള ദൈനംദിന കളക്ഷനില്‍ വിഷണ്ണരായ ഡ്രൈവര്‍മാരും ക്ലീനര്‍മാരും പണി മതിയാക്കിയിരിക്കുകയാണ്. ഇവരില്‍ ചിലര്‍ ഓട്ടോകള്‍ വാടകയ്‌ക്കെടുത്തും മറ്റു ചിലര്‍ ഓട്ടോ ഡ്രൈവര്‍മാരായും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നു. ഗിരീഷിന്റെ ബസില്‍ അദ്ദേഹത്തിന്റെ മകനും അദ്ദേഹവും മാറിമാറി ബസ് ഓടിക്കുമ്പോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ലക്ഷ്മണന്റെ ബസ് അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്. മുതലാളി ഇപ്പോള്‍ തൊഴിലാളിയായിരിക്കുന്നു. തോക്കും വാളുമൊന്നുമെടുക്കാതെ ഒരൊറ്റ തീരുമാനം കൊണ്ടു പൊതുഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞത് അവര്‍ക്കു ചാരിതാര്‍ത്ഥ്യ ജനകം തന്നെയാണ്. പരിപാടി താല്‍ക്കാലികമാവില്ലെന്നും ശാശ്വതമായി തുടരുമെന്നും ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനെ കാത്തിരിക്കുന്നുമുണ്ട്.







