പന്തലില്‍ പൊന്നുവച്ചു; കാര്‍ത്തിക നാളിലെ പൂരക്കാലത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: അരിയും പൂവുമിട്ട് പന്തലില്‍ പൊന്നുവച്ച് അത്യുത്തര കേരളത്തില്‍ പൂരാഘോഷത്തിന് പ്രാരംഭമായി. പ്രതീകാത്മകമായി കാമപുനര്‍ജ്ജനിക്ക് വേണ്ടിയുള്ള ആരാധനയായ പൂരോത്സവത്തിന് മുന്നോടിയായാണ് പന്തലില്‍ പൊന്നുവെക്കല്‍ നടന്നത്. മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് കാമദേവ ദഹനനാളായ പൂരംവരെ ക്ഷേത്രങ്ങളിലും ഭഗവതികാവുകളിലും നടക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്ക് ഇതോടെ തുടക്കമായി. പൂരാഘോഷത്തിന്റെ വിളംബരം കൂടിയാണിത്. കാഞ്ഞങ്ങാട് സൗത്ത് നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രത്തിലും പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും അരിയും തുമ്പപ്പൂവും നിരത്തി സ്വര്‍ണം വച്ച് ഈ വര്‍ഷത്തെ പൂരാഘോഷത്തിന്റെ ലക്ഷണം നോക്കി ഗുണദോഷങ്ങളെ തിരിച്ചറിയാനാണ് പൊന്നുവെക്കല്‍ ചടങ്ങ് നടത്തുന്നത്. നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രത്തി രാവിലെ ഒന്‍പത് അന്‍പത് മുതല്‍ പത്ത് അന്‍പത് വരെയുള്ള ശുഭമുഹൂര്‍ത്തില്‍ ക്ഷേത്രത്തില്‍ പൊന്നുവെക്കല്‍ നടന്നു. ദേവി ദേവന്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള ജനപഥത്തിന്റെ കൂട്ടായ്മ കൂടിയാണിത്. നിലാങ്കര ക്ഷേത്രത്തില്‍ നടന്ന പന്തലില്‍ പൊന്നുവെക്കല്‍ ചടങ്ങില്‍ ക്ഷേത്രം അന്തിത്തിരിയനാണ് പൊന്നുവച്ചത്. അതിനുമുമ്പായി ക്ഷേത്ര പൂരക്കളി പണിക്കര്‍ നാര്‍ക്കന്‍ മോഹനന്‍ പണിക്കര്‍ ഏഴു പടികളുള്ള ദൈവത്തറയില്‍ അരിയും തുമ്പപൂവുമിട്ടു. പൊന്നുവച്ചത് നോക്കി പണിക്കര്‍ ഗുണദോഷങ്ങളെ തിരിച്ചറിഞ്ഞ് ലക്ഷണ ശ്ലോകം ചൊല്ലി. ലക്ഷണം പറഞ്ഞ് പൂരമാല മൂളി ചുവടുകള്‍ വച്ച് പുറത്തെ പന്തലിലെ കളിക്ക് തുടക്കമിട്ടു. ക്ഷേത്ര കോയ്മയും കൂട്ടായിക്കാരും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചടങ്ങിനെത്തിയിരുന്നു. എത്രയാണോ പൂരം അതിനനുസരിച്ചാണ് ദെവത്തറയില്‍ പടികള്‍ നിര്‍മ്മിക്കുന്നത്. വടക്കന്‍ മേഖലയിലെ താനങ്ങളില്‍ അഞ്ച് പൂവുണ്ടെങ്കിലും ഏഴ് പടികള്‍ ഉണ്ടാവും. അത് കീഴ് വഴക്കമാണ്. പൂരോത്സവത്തിന് ഏഴ് പൂക്കള്‍ അപൂര്‍വ്വമാണ്. പുറത്തെ പന്തലിന്റെ ഏഴ് തൂണുകളിലും പൊന്നു വെക്കുന്നതിന് മുമ്പ് തൂമ്പപ്പൂവിടും. ഒമ്പത് തൂണുകളാണ് പന്തലിന്. അഷ്ടദിക്പാലകര്‍ക്കും മധ്യഖണ്ഠം ദേവിക്കും. ദേവിക്ക് നിവേദ്യമായാണ് മധ്യഖണ്ഠത്തില്‍ പൂക്കളര്‍പ്പിക്കുന്നത്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ദേവിയുടെ ശക്തി സ്രോതസ്സ് തന്നെയാണ് മധ്യഖണ്ഠം എന്നാണ് സങ്കല്പം. മാര്‍ച്ച് 19 ന് നിലാങ്കര ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമാവും. രാവിലെ കക്കാട്ട് ഇല്ലത്ത് നിന്ന് ദീപം തിരിയും കൊണ്ടുവരല്‍ ചടങ്ങും പ്രധാനമാണ്. 22ന് മറുത്തു കളിയും നടക്കും. മാര്‍ച്ച് 23 ന് പൂരം കുളിയോടെ സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page