അധികൃതര്‍ കാണുമോ ഈ ദുരിത കാഴ്ച? ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കു ക്ഷാമം; രോഗികള്‍ ദുരിതത്തില്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷം. ചികിത്സ തേടിയെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള രോഗികള്‍ ദുരിതത്തില്‍. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ 18 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഈ തസ്തികകളിലേക്ക് പലതവണ നിയമനം നടത്തിയിട്ടും ഡോക്ടര്‍മാര്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പറയുന്നു. ജനറല്‍ ഒ.പി.യില്‍ ചികിത്സയിലെത്തുന്നവരാണ് ഡോക്ടര്‍മാരുടെ ക്ഷാമം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് സ്പെഷ്യലിസ്റ്റു ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും ഇവിടെ ക്ഷാമമാണെന്ന് ചികിത്സ തേടിയെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അസ്ഥിരോഗ വിഭാഗത്തില്‍ നാലു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. കുട്ടികളുടെ ഡോക്ടര്‍മാര്‍ രണ്ടു പേരെ ഉള്ളു. രണ്ട് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇ.എന്‍.ടി.യില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. നഗരസഭാ കാര്യാലയത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനവും ഡോക്ടര്‍മാരുടെ കുറവ് മൂലം താളം തെറ്റുകയാണ്.
പ്രതിദിനം ജനറല്‍ ആശുപത്രിയില്‍ രണ്ടായിരത്തോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് കാരണം മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. കാത്തുനില്‍പ്പിനൊപ്പം കടുത്ത ചൂടും കൂടിയായതോടെ നില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയാണെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page