ശിവരാത്രി ദിനത്തില്‍ ശ്മശാനത്തില്‍ ദുര്‍മന്ത്രവാദം; 25 മനുഷ്യ തലയോട്ടികളുമായി ദുര്‍മന്ത്രവാദി അറസ്റ്റില്‍

ബംഗളൂരു: മഹാശിവരാത്രി ദിവസം ശ്മശാനത്തില്‍ മനുഷ്യ തലയോട്ടിയുമായെത്തി ദുര്‍മന്ത്രവാദം നടത്തിയ ആളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുപത്തിയഞ്ചോളം തലയോട്ടികള്‍ കണ്ടെത്തി. നോര്‍ത്ത് കര്‍ണ്ണാടക, ബാഡിദി ജില്ലയിലെ ജോഗന്‍ഹള്ളിയിലെ ബെല്‍റാം (50) ആണ് പിടിയിലായത്.
ജോഹന്‍ഹള്ളിയിലെ ഒറ്റപ്പെട്ട സ്ഥലത്തെ തോട്ടത്തിനടുത്താണ് ഇയാളുടെ വീട്. മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി വരുന്ന ഇയാള്‍ക്ക് നാട്ടുകാരുമായി അടുത്ത ബന്ധമൊന്നും ഇല്ലെന്നു പറയുന്നു. അതു കൊണ്ടു തന്നെ ഇയാളുടെ വീട്ടില്‍നടക്കുന്ന കാര്യങ്ങളെ കുറിച്ച് നാട്ടുകാര്‍ക്ക് അറിയില്ല. മഹാശിവരാത്രി ദിവസം രാത്രി 12 മണിയോടെ നാട്ടിലെ പൊതു ശ്മശാനത്തില്‍ നിന്നു മണി നാദം കേട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിതരായെത്തി. ഈ സമയത്ത് തലയോട്ടി മുന്നില്‍ വെച്ച് ആഭിചാര ക്രിയ നടത്തുകയായിരുന്നു ബെല്‍റാം. നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെച്ചതിന് ശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ബെല്‍റാമിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പ്രേത മോക്ഷത്തിനാണ് ഹോമം നടത്തിയതെന്നാണ് ബെല്‍റാം മറുപടി നല്‍കിയത്. മനുഷ്യന്റെ തലയോട്ടി എവിടെ നിന്ന് ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 മനുഷ്യതലയോട്ടികള്‍ കണ്ടെത്തിയത്. ഇവ എവിടെ നിന്നും കിട്ടിയതെന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page